തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയ യുവാവ് നാടണഞ്ഞു
text_fieldsറിയാദ്: വിസ ഏജൻറിെൻറ ചതിയിൽ അകപ്പെട്ട് മരുഭൂമിയിൽ ദുരിതം നേരിട്ട മലയാളി യുവാവ് മാസങ്ങൾ നീണ്ട നിയമ പോരാട്ടങ്ങളിലൂടെ നാടണഞ്ഞു. റിയാദിൽ ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ പാലക്കാട് ചെർപ്പുളശേരി സ്വദേശി അൻഷിഫാണ് (22) ഹതഭാഗ്യൻ. മലയാളി വിസ ഏജൻറ് റിയാദിൽ കൊണ്ടുവന്ന ശേഷം ജുബൈലിൽ നഗരത്തിൽ നിന്ന് 80 കിലോമീറ്റർ അകലെ മരുഭൂമിയിലെ കൃഷിത്തോട്ടത്തിൽ ജോലി കൊണ്ടാക്കുകയായിരുന്നു. വെള്ളമോ ഭക്ഷണമോ വെളിച്ചമോ ഇല്ലാതെ രണ്ടര മാസം ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ദുരിതം അനുഭവിച്ചു.
1,500 റിയാലാണ് ഏജൻറ് ശംബളം വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ 1,000 റിയാലാണ് കിട്ടിയത്. സഹായം തേടി യുവാവ് പ്ലീസ് ഇന്ത്യ എന്ന സംഘടനാപ്രവർത്തകരെ ഫോണിൽ ബന്ധപ്പെട്ടു. ദമ്മാം ഘടകം പ്രവർത്തകർ ജുബൈലിലെ മരുഭൂമിയിലെത്തി യുവാവിനെ രക്ഷപ്പെടുത്തുകയും ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. തുടർന്ന് സ്പോൺസറെ പല തവണ ബന്ധപ്പെട്ടെങ്കിലും പ്രശ്ന പരിഹാരത്തിന് അദ്ദേഹം ഒരുക്കമായിരുന്നില്ല.
യുവാവിനെ തെൻറ തോട്ടത്തിൽ നിന്ന് കടത്തിക്കൊണ്ടുപോയതിന് സാമൂഹിക പ്രവർത്തകർക്കെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രവർത്തകരുടെ കഠിനപരിശ്രമത്തിനൊടുവിൽ യുവാവിന് എക്സിറ്റ് ലഭിച്ചു. ഷാനവാസ് രാമഞ്ചിറ, സക്കീർ ഹുസൈൻ, ലത്തീഫ് തെച്ചി, സതീഷ് പാലക്കാട്, മുജീബ് ഏകലൂർ, അനിൽകുമാർ ആലപ്പുഴ, ഷാഹിദ് വടപുറം, സൈഫുദ്ദീൻ എടപ്പാൾ, രതീഷ് തമ്പുരാൻ എന്നീ പ്ലീസ് ഇന്ത്യ പ്രവർത്തകരാണ് യുവാവിന് തുണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
