തൊഴിൽ പ്രതിസന്ധി: യാംബുവിൽ മലയാളി തൊഴിലാളികളടക്കം 200ലേറെ പേർ ദുരിതത്തിൽ
text_fieldsയാംബു: എട്ട് മാസമായി യാംബുവിൽ ജോലിയും ശമ്പളവുമില്ലാതെ 200ലേറെ തൊഴിലാളികൾ ദുരിതത്തിൽ. ഇവരിൽ നൂറിലേറെ പേർ ഇന്ത്യൻ തൊഴിലാളികളും അതിൽ തന്നെ 80തോളം പേർ മലയാളികളുമാണ്. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന യാംബുവിലെ സ്വകാര്യ കമ്പനിയായ സോയാബീൻ ക്രഷിങ് ആൻഡ് ഡെറിവേറ്റീവ്സ് കമ്പനിയിലെ (സോയ) തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതാണ് തൊഴിലാളികളെ ദുരിതത്തിലാക്കിയത്.
ശമ്പളവും ജോലിയുമില്ലാതെ ദുരിതത്തിലായ തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ടവർ ഇടപെടുമെന്ന പ്രതീക്ഷയോടെ ഇരുന്നൂറോളം തൊഴിലാളികൾ ഒപ്പുവെച്ച അപേക്ഷ കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും മറ്റും തൊഴിലാളികൾ സമർപ്പിച്ചുവെങ്കിലും അതിന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് തൊഴിലാളികൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ജിദ്ദ ഇന്ത്യൻ കോൺസൽ ജനറലിനും പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ അപേക്ഷ നൽകിയിട്ടുണ്ട്.
ഭക്ഷണത്തിന് പോലും വകയില്ലാതെ കഴിയുന്ന തൊഴിലാളികൾ സാമൂഹികപ്രവർത്തകരുടെ കാരുണ്യത്തിലാണ് ഇവിടെ കഴിയുന്നത്. വാടക, വൈദ്യസഹായം എന്നീ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും ഏറെ പ്രയാസപ്പെടുകയാണ് തൊഴിലാളികൾ. പലരുടെയും ഇഖാമയും മെഡിക്കൽ ഇൻഷുറൻസും കാലാവധി കഴിഞ്ഞതും ഏറെ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്.
കമ്പനിയുടെ പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ ശമ്പള കുടിശ്ശികയും സേവനാവസാന ആനുകൂല്യങ്ങളും നൽകി നാട്ടിലേക്ക് മടങ്ങാൻ കഴിയുന്ന അവസ്ഥ ഉണ്ടാക്കണമെന്ന് കമ്പനി അധികൃതരോട് തൊഴിലാളികൾ ഒപ്പുവെച്ച നിവേദനത്തിൽ അപേക്ഷിച്ചിരിക്കയാണിപ്പോൾ. 2008 മുതൽ യാംബുവിൽ പ്രവർത്തിക്കുന്ന സസ്യ എണ്ണ സംസ്കരണ കമ്പനിയായ സോയയിൽ ഏകദേശം 450 തൊഴിലാളികൾ ജോലിചെയ്തിരുന്നു. അവരിൽ ഏകദേശം 150 പേർ ഇന്ത്യൻ പൗരന്മാരാണ്.
2025 ഫെബ്രുവരി വരെ കമ്പനി ശമ്പളം കൃത്യസമയത്ത് നൽകിയിരുന്നു. മാർച്ച് മുതൽ എല്ലാ ശമ്പള പേയ്‌മെന്റുകളും കമ്പനി നിർത്തിവെച്ചു. ആദ്യം കമ്പനി അധികൃതർ രണ്ടാഴ്ച കാത്തിരിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും പിന്നീട് പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു. 2025 ജൂലൈ ഒന്നിന് കമ്പനി പൂർണമായും അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിക്കുന്ന ഒരു അറിയിപ്പ് നൽകി എല്ലാ ജീവനക്കാരും ജോലിക്ക് വരരുതെന്ന് നിർദേശിച്ചു.
ചില തൊഴിലാളികൾ ശമ്പളമില്ലാത്ത അവധിയെടുത്ത് ഇന്ത്യയിലേക്ക് മടങ്ങാൻ നിർബന്ധിതരായി. യാംബുവിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിൽ പലരുടെയും താമസരേഖയും മെഡിക്കൽ ഇൻഷുറൻസും കമ്പനി പുതുക്കി നൽകിയിട്ടില്ല. കുടുങ്ങിപ്പോയ ഇന്ത്യൻ തൊഴിലാളികൾക്ക് ഭക്ഷണം, പാർപ്പിടം, ആരോഗ്യ സംരക്ഷണം തുടങ്ങിയ അടിസ്ഥാന സഹായം ഉറപ്പാക്കാൻ ഇന്ത്യൻ എംബസി സൗദി തൊഴിൽ മന്ത്രാലയവുമായി ചേർന്ന് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

