ജിസാൻ സ്വാത് സാൽമി ക്രിക്കറ്റ് ടൂർണമെൻറ്: സൂപ്പർ ഏഷ്യ ക്ലബ് ജേതാക്കൾ
text_fieldsജിസാൻ സ്വാത് സാൽമി ക്രിക്കറ്റ് ടൂർണമെൻറിലെ ജേതാക്കളായ സൂപ്പർ ഏഷ്യ ക്ലബ്ബിന് ഹാരിസ് കല്ലായിയും കിസ്രൊ ഖാനും ട്രോഫി സമ്മാനിക്കുന്നു
ജിസാൻ: രണ്ട് മാസക്കാലം നീണ്ടുനിന്ന ആവേശകരമായ ജിസാൻ സ്വാത് സാൽമി ക്രിക്കറ്റ് ടൂർണമെൻറിൽ സൂപ്പർ ഏഷ്യ ക്രിക്കറ്റ് ക്ലബ് കിരീടം ചൂടി. ജിസാൻ പ്രവിശ്യയിലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തി നടന്ന ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ സ്വാത് സാൽമി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തിയാണ് സൂപ്പർ ഏഷ്യ ചാമ്പ്യന്മാരായത്. 14 പ്രമുഖ ക്ലബ്ബുകൾ മാറ്റുരച്ച ടൂർണമെൻറിനാണ് ഇതോടെ സമാപനമായത്. ഫൈനൽ മത്സരത്തിൽ ടോസ് നേടിയ സൂപ്പർ ഏഷ്യ ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത സ്വാത് സാൽമി നിശ്ചിത എട്ട് ഓവറിൽ 136 റൺസ് എന്ന വെല്ലുവിളി ഉയർത്തുന്ന സ്കോർ പടുത്തുയർത്തി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പർ ഏഷ്യ ആധികാരികമായ പ്രകടനത്തിലൂടെ 7.2 ഓവറിൽ തന്നെ ലക്ഷ്യം മറികടന്ന് വിജയം കൈപ്പിടിയിലൊതുക്കി.
ഫൈനലിലെ മികച്ച പ്രകടനത്തിലൂടെ ഉമർ രാജ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അർഹനായി. ടൂർണമെൻറിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കലീമുല്ല ഖാൻ പ്ലെയർ ഓഫ് ദ ടൂർണമെൻറായി തെഞ്ഞെടുക്കപ്പെട്ടു. ഇരുവരും ട്രോഫിയും ക്യാഷ് പ്രൈസും ഏറ്റുവാങ്ങി. സമാപന ചടങ്ങിൽ സൗദി കെ.എം.സി.സി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി, ജെ.പി.സി.എൽ ചെയർമാൻ ഖിസ്രോ ഖാൻ ബഹ്ലൂൾ എന്നിവർ അതിഥികളായി പങ്കെടുത്തു. വിജയികളായ ടീമിനും മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാർക്കും ഇവർ ട്രോഫികളും ക്യാഷ് പ്രൈസുകളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

