കർണാടക സ്വദേശിയെ നാട്ടിലെത്തിക്കാൻ ജിസാൻ ഒ.ഐ.സി.സി സഹായം
text_fieldsരോഗബാധിതനായി മടങ്ങുന്ന മുഹമ്മദ് നയീമിനുള്ള ധനസഹായം ജിസാൻ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ കൈമാറുന്നു
ജിസാൻ: രോഗബാധിതനായി സബിയ ആശുപത്രിയിൽ ചികിത്സയിൽ കിടന്ന കർണാടക സ്വദേശിയെ നാട്ടിലെത്തിക്കുന്നതിന് 36,000 റിയാൽ സമാഹരിച്ച് നൽകി ജിസാൻ ഒ.ഐ.സി.സി. മംഗളൂരു സ്വദേശി മുഹമ്മദ് നഈം സ്ട്രോക്ക് വന്ന് ചലന ശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട് നാലു മാസത്തോളം സബിയ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇദ്ദേഹത്തിന്‍റെ അവസ്ഥ മനസ്സിലാക്കിയ ജിസാൻ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് നാസർ ചേലേമ്പ്രയുടെ നേതൃത്വത്തിൽ മൂന്നുദിവസം കൊണ്ടാണ് ഇത്രയും സംഖ്യ സമാഹരിച്ച് ഇദ്ദേഹത്തെ നാട്ടിലെത്തിച്ചത്. ഒ.ഐ.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റിയുടെ 'ആശ്രിതർക്കൊരു കൈത്താങ്ങ്'പദ്ധതിയുടെ ഭാഗമായാണ് സഹായം നൽകിയത്.
നാട്ടിൽ കൊണ്ടുപോകാനുള്ള പേപ്പർ വർക്കുകൾക്ക് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ജെയ്സൺ നേതൃത്വം നൽകി. കിങ് ഫഹദ് ആശുപത്രി ജീവനക്കാരായ സിസ്റ്റർ മിനി ജെയ്സണും ജോസ്മി സാജനും ദിനേശും ആവശ്യമുള്ള സഹായം നൽകി കൂടെയുണ്ടായിരുന്നു.
രോഗിയായ മുഹമ്മദ് നയീമിനെ കിങ് ഫഹദ് ആശുപത്രിയിൽനിന്ന് ആംബുലൻസ് വഴി ജിസാൻ വിമാനത്താവളത്തിൽ എത്തിച്ചു. സൗദിയ വിമാനത്തിൽ ജിദ്ദ വഴി ബംഗളൂരു വിമാനത്താവളത്തിൽ എത്തിച്ചു. സബിയയിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി സമാഹരിച്ച തുക 36,000 റിയാൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് കൈമാറി. ചടങ്ങിൽ പ്രസിഡന്റ് നാസർ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ്, ജെയ്സൺ, ഷഫീഖ് എടശ്ശേരി, റഷീദ്, ബക്കർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അഫ്സൽ സ്വാഗതവും അഭിനന്ദ് നെട്ടയം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

