ജിസാൻ വാഹനാപകടം; ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി ആശുപത്രിയും കമ്പനിയും സന്ദർശിച്ചു
text_fieldsജിദ്ദ: ജിസാനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്ന ഇന്ത്യക്കാരെയും അപകടത്തിനിരയായ കമ്പനി ജീവനക്കാരെയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹികക്ഷേമ വിഭാഗം വൈസ് കോൺസൽ സയിദ് ഖുദറത്തുള്ളയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗങ്ങളായ ഷംസു പൂക്കോട്ടൂർ, താഹ കൊല്ലേത്ത്, സയിദ് കാശിഫ് എന്നിവരും വൈസ് കോൺസലിനൊപ്പമുണ്ടായിരുന്നു. ഒരു മലയാളിയടക്കം ഇന്ത്യക്കാരായ ഒമ്പത് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത ദാരുണമായ വാഹനാപകടം ജിസാൻ ബെയിഷ് എക്കണോമിക് സിറ്റിയിൽ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് നടന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ജിസാൻ കിംഗ് ഫഹദ് സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ബീഹാർ സ്വദേശി മുഹമ്മദ് മൊത്തീൻ ആലം, തെലുങ്കാന സ്വദേശി ശ്രീധർ അരീപ്പള്ളി, ബെയിഷ് ജനറൽ ആശുപത്രിയിലുള്ള ബിഹാർ സ്വദേശി സന്തോഷ് കുമാർ സോണി, ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് ജൻഗിതി എന്നിവരെ കണ്ട് കോൺസുലേറ്റ് സംഘം ആശ്വസിപ്പിച്ചു. മുഹമ്മദ് മൊത്തീൻ ആലത്തിനെയും ശ്രീധർ അരീപ്പള്ളിയെയും കഴിഞ്ഞ ദിവസം കിംഗ് ഫഹദ് ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയരാക്കിയിരുന്നു. തലയ്ക്ക് ഗുരുതമായി പരിക്കേറ്റ് അബോധാവസ്ഥയിൽ കഴിയുന്ന മുഹമ്മദ് മൊത്തീൻ അപകടനില തരണം ചെയ്‌തതായി ഡോക്ടറന്മാർ അറിയിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന സഞ്‌ജയ് യാദവ്, ഷംനാദ് എന്നിവർ അബഹ സൗദി ജർമ്മൻ ആശുപത്രിയിൽ നിന്നും മലയാളികളായ നിവേദ്, അക്ഷയ് ചന്ദ്രശേഖരൻ എന്നിവർ ബെയിഷ് ജനറൽ ആശുപത്രിയിൽ നിന്നും അനിഖിത് ജിസാൻ കിംഗ് ഫഹദ് ആശുപത്രിയിൽ നിന്നും കഴിഞ്ഞ ദിവസം ഡിസ്‌ചാർജായിരുന്നു. എ.സി.ഐ.സി സർവീസസ് കമ്പനിയുടെ ബെയിഷ് ക്യാമ്പിൽ വിശ്രമത്തിൽ കഴിയുന്ന ഇവരെയും കമ്പനി അധികൃതരെയും മറ്റ് ഇന്ത്യൻ ജീവനക്കാരെയും സന്ദർശിച്ച് കോൺസുലേറ്റ് സംഘം എല്ലാവിധ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തു. അപകടത്തിൽ പരിക്കേറ്റ ഇന്ത്യക്കാരിൽ ജിസാൻ കിംഗ് ഫഹദ് ആശുപത്രിയിലും ബെയിഷ് ജനറൽ ആശുപത്രിയിലുമായി നാലുപേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
ജിസാൻ എക്കണോമിക് സിറ്റിയിൽ അറാംകോ റോഡിലുണ്ടായ അപകടത്തിൽ എ.സി.ഐ.സി സർവീസ് കമ്പനിയുടെ 26 ജീവനക്കാർ യാത്രചെയ്‌തിരുന്ന മിനി ബസിൽ അമിതവേഗതയിൽ വന്ന ട്രെയിലർ ഇടിച്ചുകയറുകയായിരുന്നു.15 പേർ മരണമടയുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത അപകടത്തിൽ കൊല്ലം കേരളപുരം സ്വദേശിയും കമ്പനിയിലെ ക്വാളിറ്റി കൺട്രോൾ എഞ്ചിനീയറുമായ വിഷ്‌ണു പ്രസാദ് പിള്ള (31)യാണ് മരണമടഞ്ഞ മലയാളി. കമ്പനിയിലെ സേഫ്റ്റി ഓഫീസറന്മാരായ കണ്ണൂർ സ്വദേശി നിവേദ്, എടപ്പാൾ സ്വദേശി അക്ഷയ് ചന്ദ്രശേഖരൻ എന്നിവർക്കും പരിക്കേറ്റിരുന്നു. ഗുജറാത്ത് സ്വദേശികളായ ദിനകർ ഭായ്, മുസഫർ ഹുസൈൻ ഖാൻ, ബിഹാർ സ്വദേശികളായ സക്ലാൻ ഹൈദർ, താരിഖ് ആലം, മുഹമ്മദ് മുഹ്ത്താഷിം, തെലുങ്കാന സ്വദേശി മഹേഷ് കപള്ളി, ഉത്തരാഖണ്ഡ് സ്വദേശികളായ പുഷ്‌കർ സിംഗ്, മഹേഷ് ചന്ദ്ര എന്നിവരാണ് മരണമടഞ്ഞ മറ്റ് ഇന്ത്യക്കാർ.
അപകടത്തിൽ മരിച്ച ഒമ്പത് ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലയക്കുന്നതിനും ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജായി ക്യാമ്പിൽ വിശ്രമിക്കുന്നവരെ വിദഗ്‌ധ ചികിത്സയ്ക്കായി നാട്ടിലയക്കുന്നതിനും കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നടപടികളും സഹായവും കോൺസുലേറ്റ് ചെയ്യുമെന്ന് വൈസ് കോൺസൽ സയിദ് ഖുദറത്തുള്ള അറിയിച്ചു. ഒമ്പത് ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ നാട്ടിലയക്കുന്നതിനുള്ള കോൺസുലേറ്റിൻറെ എൻ.ഒ.സി കമ്പനി അധികൃതർക്ക് വൈസ് കോൺസൽ ഇന്ന് കൈമാറി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻറെയും കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയുടെയും പ്രത്യേക നിർദ്ദേശപ്രകാരമാണ് ദാരുണമായ അപകടത്തിനിരയായവരെ ആശ്വസിപ്പിക്കാനും ഇന്ത്യൻ സമൂഹത്തിൻറെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരാനും ജിസാനിൽ നേരിട്ടെത്തിയതെന്ന് വൈസ് കോൺസൽ സയിദ് ഖുദറത്തുള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

