കേളി ‘ജീവസ്പന്ദനം 2025’ മെഗാ രക്തദാന ക്യാമ്പ് നാളെ
text_fieldsകേളി ‘ജീവസ്പന്ദനം 2025’ മെഗാ രക്തദാന ക്യാമ്പിനെ കുറിച്ച് ഭാരവാഹികൾ വാർത്തസമ്മേളനം നടത്തുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഹജ്ജിന് മുന്നോടിയായി വർഷന്തോറും നടത്തുന്ന ‘ജീവസ്പന്ദനം 2025’ മെഗാ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച നടക്കും.
കേളിയും സൗദി ആരോഗ്യ മന്ത്രാലയവും ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ വിപുലമായാണ് ക്യാമ്പ് സജ്ജീകരിക്കുന്നത്. തുടർച്ചയായി കഴിഞ്ഞ ഏഴു വർഷവും റിയാദ് കേന്ദ്രീകരിച്ച് നടത്തിവന്ന ക്യാമ്പ്, ഇത്തവണ റിയാദിന് പുറമെ പരിസര പ്രദേശങ്ങളായ അൽ ഖർജ്, മജ്മഅ, അൽ ഖുവയ്യ, ദവാദ്മി എന്നിവിടങ്ങളിലും ക്യാമ്പ് നടക്കും. കേന്ദ്രീകരിച്ചും വികേന്ദ്രീകരിച്ചും നടത്തുന്നതിലൂടെ വിദൂരപ്രദേശങ്ങളിൽ നിന്നുള്ളവരെകൂടി രക്തദാനത്തിൽ പങ്കാളികളാക്കുകയും കൂടുതൽ യൂനിറ്റ് രക്തം ശേഖരിക്കുകയുമാണ് ലക്ഷ്യമിടുന്നത്. കേളി അംഗങ്ങൾക്കും കുടുംബവേദി അംഗങ്ങൾക്കും പുറമെ, ഇന്ത്യയിലെ ഇതര സംസ്ഥാനക്കാരും റിയാദിലെ വിവിധ രാജ്യക്കാരായ പ്രവാസികളും രക്തദാന ക്യാമ്പിൽ പങ്കുചേരാറുണ്ട്. കഴിഞ്ഞ വർഷം റിയാദ് ബ്ലഡ് ബാങ്കിന് പുറമെ സൗദി മിലിറ്ററി ആശുപത്രിയും രക്തത്തിനായി കേളിയെ സമീപിച്ചിരുന്നു.
2016 മുതലാണ് രക്തദാനം ചെയ്യാനാരംഭിച്ചത്. വാർഷിക ക്യാമ്പിന് പുറമെ രോഗികളുടെ ആവശ്യാർഥം വിവിധ പ്രദേശങ്ങളിൽ വർഷത്തിൽ 100 യൂനിറ്റിൽ കുറയാത്ത രക്തം നൽകി വരുന്നുണ്ട്.
മധു പട്ടാമ്പി (കൺവീനർ), നാസർ പൊന്നാനി (ജോ. കൺവീനർ), നസീർ മുള്ളൂർക്കര (ചെയർമാൻ), എബി വർഗീസ് (വൈസ് ചെയർമാൻ) എന്നിവർ ഭാരവാഹികളായ 101 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. മലസ് ലുലു ഹൈപ്പർ മാർക്കറ്റിലാണ് ക്യാമ്പ്. വിദൂരപ്രദേശങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ മൊബൈൽ യൂനിറ്റായിരിക്കും രക്തം സ്വീകരിക്കുക. ലുലു ഹൈപ്പർ മാർക്കറ്റിന്റെ താഴെ ഭാഗത്ത് ഒരേ സമയം 20 യൂനിറ്റ് രക്തം ശേഖരിക്കാനും പുറത്ത് മൊബൈൽ യൂനിറ്റിൽ രണ്ട് ബസുകളിലായി ഒരേ സമയം 16 യൂനിറ്റ് രക്തം ശേഖരിക്കാനും കഴിയും.
രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ക്യാമ്പ് വൈകിട്ട് അഞ്ചു വരെ നീണ്ടുനിൽക്കും. കൂടുതൽ വിവരങ്ങൾക്ക് നസീർ മുള്ളൂർക്കര (0502623622), നാസർ പൊന്നാനി (0506133010) എന്നിവരെ ബന്ധപ്പെടാം.
വാർത്തസമ്മേളനത്തിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, സംഘാടക സമിതി ചെയർമാൻ നസീർ മുള്ളൂർക്കര, ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

