ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ജിദ്ദ; മുഖ്യമന്ത്രി പിണറായി വിജയനെയും സംഘത്തെയും സ്വീകരിക്കാൻ 250 അംഗ സംഘാടകസമിതി
text_fieldsജിദ്ദയിൽ സംഘാടകസമിതി രൂപീകരണ യോഗത്തിൽ ഷിബു തിരുവനന്തപുരം സംസാരിക്കുന്നു.
ജിദ്ദ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനത്തിനായി എത്തുന്നത് കേരള ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിക്കുകയാണ്. ഒരു കേരള മുഖ്യമന്ത്രി ആദ്യമായി സൗദി മണ്ണിലെത്തുന്ന ചരിത്ര നിമിഷത്തെ ഏറ്റവും മനോഹരമായി വരവേൽക്കാൻ ജിദ്ദയിലെ പ്രവാസി സമൂഹം പൂർണമായും സജ്ജരായി കഴിഞ്ഞു.
മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും സന്ദർശനം വിജയകരമാക്കാനും വിപുലമായ സ്വീകരണം ഒരുക്കുന്നതിനുമായി ജിദ്ദയിൽ 250 അംഗ സംഘാടകസമിതി രൂപവത്കരിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളെയും ജില്ല കൂട്ടായ്മകളെയും മാധ്യമങ്ങളെയും പ്രതിനിധീകരിച്ച് നിരവധി പേർ പങ്കെടുത്തു.
യോഗത്തിൽ സംബന്ധിച്ചവർ
മലയാള ഭാഷ പഠനത്തിനും പ്രചാരണത്തിനും വേണ്ടി കേരള സര്‍ക്കാറിന്റെ കീഴിലുള്ള മലയാളം മിഷന്‍ സംഘടിപ്പിക്കുന്ന ഒരു വർഷം നീളുന്ന ‘മലയാളോല്‍സവം പരിപാടിയുടെ ഉദ്‌ഘാടനത്തിനായാണ് മുഖ്യമന്ത്രിയും കൂടെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ, നോർക്ക ഉദ്യോഗസ്ഥർ എന്നിവരും സൗദിയിലെത്തുന്നത്. ‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്ന ആശയത്തിൽ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി ഇടത് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍.
ഈ മാസം 17ന് റിയാദിലും 18ന് ജിദ്ദയിലും 19ന് ദമ്മാമിലും ‘മലയാളോല്‍സവം’ ഉദ്‌ഘാടന പരിപാടികളിൽ മുഖ്യമന്ത്രിയും സംഘവും പങ്കെടുക്കും. 18ന് ശനിയാഴ്ച്ച വൈകീട്ട് ആറ് മുതൽ രാത്രി 9.30 വരെ ജിദ്ദ കിങ് അബ്ദുൽ അസീസ് റോഡിലുള്ള (മലിക് റോഡ്) സൗദി എന്റർടൈമെന്റ് അതോറിറ്റിക്ക് കീഴിലുള്ള ബെഞ്ച്മാർക്ക് തിയറ്ററിലാണ് ജിദ്ദയിലെ പരിപാടി നടക്കുക.
ജിദ്ദയിൽ പരിപാടി നടക്കുന്ന ബെഞ്ച്മാർക്ക് തിയറ്റർ
ജിദ്ദയിലെ പരിപാടിക്കായി രൂപവത്കരിച്ച സംഘാടക സമിതി ഭാരവാഹികൾ: ഷിബു തിരുവനന്തപുരം (ചെയർമാൻ), ശ്രീകുമാർ മാവേലിക്കര (വൈസ് ചെയർമാൻ), ജുനൈസ് (ജനറൽ കൺവീനർ), നസീർ വാവ കുഞ്ഞു, റഫീഖ് പത്തനാപുരം, ഹിഫ്‌സുറഹ്മാൻ, നിഷ നൗഫൽ (ജോയിന്റ് കൺവീനർമാർ), അബ്ദുള്ള മുല്ലപ്പള്ളി (പബ്ലിക് റിലേഷൻ ചെയർമാൻ), നൗഷാദ്, അർഷാദ് ക്രീയേറ്റീവ് (ജോയന്റ് കൺവീനർമാർ-പബ്ലിക് റിലേഷൻ), സി.എം. അബ്ദുൽറഹ്മാൻ (കൺവീനർ-സ്വീകരണം), സലാഹ് കാരാടൻ, മൻസൂർ വയനാട്, ഉണ്ണി തെക്കേടത്, ഷിനു (ജോയന്റ് കൺവീനർമാർ -സ്വീകരണം), സലാഹുദ്ദീൻ (കൺവീനർ-വളന്റിയർ), ഇർഷാട് മുണ്ടക്കയം, പി.സി. അയൂബ് (ജോയന്റ് കൺ.-വളന്റിയർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

