ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ വാർഷികം ‘തിരുവുത്സവം 2025’ ഇന്ന്
text_fieldsജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ ഭാരവാഹികൾ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ
ജിദ്ദ: ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ) വാർഷികാഘോഷം ‘തിരുവുത്സവം 2025’ എന്ന പേരിൽ ഇന്ന് (വെള്ളിയാഴ്ച) നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജിദ്ദ തഹ്ലിയ സ്ട്രീറ്റിലുള്ള ലയാലി നൂർ ഓഡിറ്റോറിയത്തിൽ വൈകീട്ട് ആറ് മുതലാണ് പരിപാടികൾ.
നാട്ടിൽനിന്നും ഗായികമാരായ സജ്ല സലീം, സജ്ലി സലീം എന്നിവർ അണിനിരക്കുന്ന ലൈവ് ഗാനസന്ധ്യയോടൊപ്പം ജെ.ടി.എ അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ നൃത്തനൃത്യങ്ങൾ, കോറിയോഗ്രഫർ ശ്രീത ടീച്ചർ ചിട്ടപ്പെടുത്തിയ തിരുവിതാംകൂറിലെ പഴയകാല കലായിനമായ കാക്കാരിശ്ശി നാടകം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.
സാമൂഹികരംഗത്ത് മാതൃകാപ്രവർത്തനം നിർവഹിക്കുന്നവരെ വേദിയിൽ ആദരിക്കും. തിരുവിതാംകൂർ പ്രദേശങ്ങളായ തെക്ക് കന്യാകുമാരി മുതൽ വടക്ക് എറണാകുളം വരെയും കിഴക്ക് ഇടുക്കിവരെയുള്ള പ്രദേശങ്ങളിൽനിന്നുള്ള ജിദ്ദാപ്രവാസികളാണ് ജിദ്ദ തിരുവിതാംകൂർ അസോസിയേഷനിൽ അംഗങ്ങൾ.
നിരവധി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യമേഖലകളിൽ ക്രിയാത്മകവും സജീവവുമായ ഇടപെടലുകൾ നടത്താൻ ജെ.ടി.എക്ക് കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.
മറ്റു പ്രവാസിസംഘടനകളുമായി ഊഷ്മള സഹകരണം പുലർത്തി ജിദ്ദയിലെ ഇന്ത്യക്കാരായ പ്രവാസികളുടെ ക്ഷേമത്തിന് അനുഗുണമായി ജെ.ടി.എ പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യയുടെയും കേരളത്തിന്റെയും തനിമകൾ ഉൾക്കൊണ്ട് എല്ലാ വർഷവും സാംസ്കാരികാഘോഷങ്ങളും ഈദ്, ക്രിസ്മസ് ഓണം തുടങ്ങിയ ആഘോഷങ്ങളും സംഘടിപ്പിച്ചുവരുന്നു. വിദ്യാഭ്യാസ, ആതുരസേവന, ജീവകാരുണ്യപ്രവർത്തനങ്ങൾ നിർലോഭമായി നിർവഹിച്ചുപോരുന്നു.
ഭാവിയിൽ കലാകായിക,സാംസ്കാരിക പരിപാടികൾ, വ്യക്തിത്വ വികസനം, നൈപുണ്യവികസനം തുടങ്ങിയവക്കാവശ്യമായ പരിശീലനങ്ങളും സംഘടിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
ജെ.ടി.എ പ്രസിഡന്റ് അലി തേക്കുതോട്, ജനറൽ സെക്രട്ടറി അനിൽ വിദ്യാധരൻ, ട്രഷറർ നൗഷാദ് പൻമന, പ്രോഗ്രാം കൺവീനർ ദിലീപ് താമരക്കുളം, പ്രോഗ്രാം ഡയറക്ടർ ശിഹാബ് താമരക്കുളം, വൈസ് പ്രസിഡന്റ് മാജാ സാഹിബ് ഓച്ചിറ, ജോയിന്റ് കൺവീനർ റഷീദ് ഓയൂർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

