ലോകത്തിലെ ഏറ്റവും ഭാരമേറിയ ഗോൾഡ് ലോഗോ ഷീൽഡുമായി ജിദ്ദ സീസൺ ഗിന്നസ് ബുക്കിൽ
text_fieldsജിദ്ദ സീസൺ ലോഗോ ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടംപിടിച്ച സർട്ടിഫിക്കറ്റ്
സമ്മാനിച്ച ചടങ്ങിൽനിന്ന്
ജിദ്ദ: സൗദിയുടെ പ്രശസ്തി ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി വിളിച്ചോതി ‘ജിദ്ദ സീസൺ’ ലോഗോ ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടംപിടിച്ചു. 8.769 കിലോ ഭാരമുള്ള ഈ സുവർണ ലോഗോ ഷീൽഡ്, ലോകത്തിലെ ഏറ്റവും ഭാരമേറിയ ഗോൾഡ് ലോഗോ ഷീൽഡ് എന്ന ബഹുമതിയാണ് സ്വന്തമാക്കിയത്. കലയും സാമ്പത്തികരംഗവും ഐഡൻറിറ്റിയും ഡിസൈനും എങ്ങനെ പരസ്പരം ഇഴചേർന്നു നിൽക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമായി ഈ നേട്ടം മാറി.
ജിദ്ദയുടെ പൈതൃകവും ആധുനികതയും ഒത്തുചേരുന്ന ഈ സുവർണ മുദ്ര അന്താരാഷ്ട്ര തലത്തിൽതന്നെ ജിദ്ദ സീസണിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. നിലവിൽ ജിദ്ദ സൂപ്പർഡോമിൽ നടന്നുവരുന്ന ‘ജിദ്ദ ഗോൾഡ് എക്സിബിഷന്റെ’ ഭാഗമായി ഈ റെക്കോഡ് ഷീൽഡ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. ജനുവരി എട്ട് മുതൽ 12 വരെ നീളുന്ന ഈ പ്രദർശനത്തിൽ 130ലധികം പ്രദർശകരും പ്രമുഖ സൗദി ഫാക്ടറികളും പങ്കെടുക്കുന്നുണ്ട്. സ്വർണാഭരണ രംഗത്തെ അത്യാധുനിക ഡിസൈനുകളും നൂതന ആശയങ്ങളും പരിചയപ്പെടുത്തുന്നതിനൊപ്പം, ഈ മേഖലയിലെ നിക്ഷേപ സാധ്യതകൾ വർധിപ്പിക്കാനും യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാനും എക്സിബിഷൻ ലക്ഷ്യമിടുന്നു. ആഡംബരവും പാരമ്പര്യവും ഷോപ്പിങ്ങിന്റെ ആവേശവും ഒത്തുചേരുന്ന ഈ പ്രദർശനം ഇതിനകം തന്നെ സന്ദർശകരുടെ വൻ തിരക്കിനാണ് സാക്ഷ്യം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

