ജിദ്ദ: ജിദ്ദ സീസണിന്റെ ഭാഗമായി സിറ്റി വാക് ഏരിയയിൽ ലോകപ്രശസ്തമായ ജാപ്പനീസ് 'ആനിമി വില്ലേജി'ന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിവിധ ജാപ്പനീസ് ഷോകളും പരിപാടികളുമാണ് വില്ലേജിൽ മൂന്നാഴ്ചക്കാലം അരങ്ങേറുക. ഉദ്ഘാടന വേളയിൽ ഫാഷൻ പരേഡ്, സിനിമ പ്രദർശനം, ഡി.ജെ സാക്ക്, മംഗ ആർട്ടിസ്റ്റുകൾ, ഒട്ടാകു വാച്ച് തുടങ്ങി പ്രശസ്തമായ ജാപ്പനീസ് ഷോകൾ അരങ്ങേറി. ജാപ്പനീസ് കലയുടെയും വിനോദത്തിന്റെയും വ്യതിരിക്തമായ അനുഭവം സന്ദർശകർക്ക് പകരുന്നതാണ് ആനിമി വില്ലേജ്. പെർഫോമൻസ് ബാൻഡുകൾ, ജാപ്പനീസ് റസ്റ്റാറൻറുകൾ, അനിമേഷൻ സ്റ്റോറുകൾ തുടങ്ങി വിവിധ പരിപാടികളുടെ വിസ്മയപ്രപഞ്ചമാക്കി ജാപ്പനീസ് തെരുവ് സന്ദർശകരെ സ്വീകരിക്കുന്നതിനായി ഒരുക്കിയിട്ടുണ്ട്.
ധാരാളം പേരാണ് ആനിമി വില്ലേജിലെ ഷോകൾ കാണാനും ആസ്വദിക്കാനും എത്തിക്കൊണ്ടിരിക്കുന്നത്. നിരവധി സൗകര്യങ്ങളും സേവനങ്ങളും സിറ്റിവാക്കിലെ അനിമേഷൻ വില്ലേജിൽ സംഘാടകർ ഒരുക്കിയിട്ടുണ്ട്. യുവ പ്രതിഭകൾക്ക് ജാപ്പനീസ് സംസ്കാരത്തെയും കലാപ്രകടനങ്ങളെയും അറിയാനും ആസ്വദിക്കാനും അന്താരാഷ്ട്ര അനുഭവങ്ങളെക്കുറിച്ച് പഠിക്കാനും ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ എല്ലാ ആഴ്ചയിലും ഒരു മണിക്കൂർ വീതം സംഘാടകർ അനുവദിച്ചിട്ടുണ്ട്. ആനിമി വില്ലേജിന് ആതിഥേയത്വം വഹിക്കുന്ന സിറ്റി വാക് ഏരിയ ജിദ്ദ സീസൺ പ്രവർത്തനങ്ങൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നാണ്. ആവേശകരമായ ഷോകളാണ് പ്രദേശത്ത് തുടരുന്നത്.