ജിദ്ദ തനിമ ബഹുജന സമ്മേളനത്തിൽ രോഷമിരമ്പി
text_fieldsജിദ്ദ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രവാസലോകത്തുനിന്നുള്ള പ്രതിഷേധങ്ങൾ കൂടു തൽ ശക്തിപ്പെടുന്നു. ‘പൗരത്വ ഭേദഗതി നിയമം തള്ളിക്കളയുക’ എന്ന ആവശ്യവുമായി തനിമ ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. വിവിധ സംഘടനാ നേതാക്കൾ ഒന്നിച്ചണിനിരന്ന് പൗരത്വ ഭേദഗതി നിയമം പ്രതീകാത്മകമായി കത്തിച്ചു കൊണ്ടായിരുന്നു പ്രതിഷേധ സമ്മേളനത്തിനു തുടക്കംകുറിച്ചത്. ‘നോ കാബ്, നോ എൻ.ആർ.സി’ എന്ന പ്ലക്കാർഡുകളുയർത്തി സമ്മേളനത്തിനെത്തിയവരെല്ലാം പ്രതിഷേധത്തിൽ അണിനിരന്നു.
പൊതുസമ്മേളനത്തിൽ ഉമറുല്‍ ഫാറൂഖ് വിഷയമവതരിപ്പിച്ചു. ഇന്ത്യയുടെ അടിസ്ഥാന തത്ത്വങ്ങളായ മതേതരത്വം, പൗരാവകാശം തുടങ്ങിയവ റദ്ദുചെയ്യുന്ന നിയമങ്ങളാണ് ബി.ജെ.പി സർക്കാർ രാജ്യത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരങ്ങളിൽ കൃത്യമായി പങ്കെടുക്കുകയും അതിനുവേണ്ടി ജീവൻ വരെ നൽകുകയും ചെയ്ത ഒരു സമുദായത്തിെൻറ വക്താക്കളെ കേവലം ഇതുപോലുള്ള നിയമങ്ങൾകൊണ്ട് അടിച്ചൊതുക്കാമെന്നു കരുതുന്ന സംഘ് പരിവാർ ശക്തികളുടെ ആഗ്രഹം ഒരിക്കലും നടക്കാൻ പോവുന്നില്ലെന്നു ടി.എം.എ. റഉൗഫ് പറഞ്ഞു. ഘട്ടങ്ങളായി തങ്ങളുടെ അജണ്ട നടപ്പാക്കുക എന്നതിന് ഹിറ്റ്ലർ അടക്കമുള്ള ഫാഷിസ്റ്റ് ഭരണകർത്താക്കളുടെ ഉദാഹരണങ്ങളുണ്ടെന്നും അതുതന്നെയാണ് ഇപ്പോൾ കേന്ദ്ര സർക്കാറും നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും മുസ്തഫ വാക്കാലൂർ പറഞ്ഞു.
രാജ്യത്ത് ഇപ്പോൾ നടക്കുന്നത് കേവലം മുസ്ലിം വിഭാഗങ്ങളുടെ മാത്രം സമരങ്ങളാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നും എന്നാൽ ഇത് മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനുള്ള സമരങ്ങളാണെന്നും ഈ സമരത്തിന് ഇന്ത്യയിലെ മുഴുവൻ മതവിശ്വാസികളുടെയും പിന്തുണ ഉണ്ടെന്നും ശ്യാം ഗോവിന്ദ് അഭിപ്രായപ്പെട്ടു. അബ്ദുൽ മജീദ് നഹ, പി. ഷംസുദ്ദീൻ, കെ.എം. അനീസ് തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ഷുക്കൂർ അലി അധ്യക്ഷത വഹിച്ചു. എ. നജ്മുദ്ദീൻ സ്വാഗതവും സി.എച്ച്. ബഷീര്‍ നന്ദിയും പറഞ്ഞു.
വി. കെ. ഷമീം ഇസ്സുദ്ദീൻ അവതാരകനായിരുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘കലക്ക് തീപിടിച്ചാൽ കാരിരുമ്പും ചാരമാകും’ എന്ന പേരിൽ ഒരുക്കിയ കാൻവാസിൽ ജിദ്ദയിലെ സാഹിത്യകാരന്മാരുടെയും ചിത്രകാരന്മാരുടെയും സൃഷ്ടികളുടെ പ്രദർശനം നടന്നു. അബ്ദുല്ല മുക്കണ്ണി സ്വന്തം വരികൾ എഴുതി പ്രദർശനം ഉദ്ഘാടനം ചെയ്തു. കൊച്ചുകുട്ടികൾ വിവിധ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധസംഗമത്തിൽ അണിചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
