ജിദ്ദ തുറമുഖത്ത് 160 കോടി റിയാലിന്റെ പുതിയ കണ്ടെയ്‌നർ ടെർമിനൽ; സൗദി-ഫ്രഞ്ച് സംയുക്ത പദ്ധതി
text_fieldsതുറമുഖ വികസനത്തിനുള്ള സൗദി-ഫ്രഞ്ച് സംയുക്ത പദ്ധതി കരാർ ഒപ്പിടൽ ചടങ്ങ്
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ ഇസ്‌ലാമിക് പോർട്ടിൽ നിർദ്ദിഷ്ട നാലാമത് കണ്ടെയ്‌നർ ടെർമിനൽ വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി നിർണായക കരാർ ഒപ്പുവെച്ചു. റെഡ് സീ ഗേറ്റ്‌വേ ടെർമിനലും പ്രമുഖ ആഗോള ഷിപ്പിങ് ഗ്രൂപ്പായ ഫ്രാൻസിെൻറ സി.എം.എ സി.ജി.എമ്മും തമ്മിലാണ് പങ്കാളിത്ത ധാരണയിലെത്തിയത്. സൗദി പോർട്ട്സ് അതോറിറ്റിയുടെ (മവാനി) മേൽനോട്ടത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിക്ക് ഏകദേശം 160 കോടി സൗദി റിയാലാണ് പ്രതീക്ഷിക്കുന്ന ചെലവ്.
പാരീസിൽ നടന്ന സൗദി-ഫ്രഞ്ച് ഇൻവെസ്റ്റ്മെൻറ് റൗണ്ട് ടേബിളിൽ വെച്ചായിരുന്നു കരാർ ഒപ്പുവെക്കൽ. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ എന്നിവരുടെ നേരിട്ടുള്ള സാന്നിധ്യത്തിലാണ് ഈ സുപ്രധാന കരാറിൽ ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ ഒപ്പുവെച്ചത്.
സൗദി തുറമുഖങ്ങളുടെ ശേഷി വർദ്ധിപ്പിക്കുക, അന്താരാഷ്ട്ര വ്യാപാര പാതകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ നീക്കം. രാജ്യത്തിെൻറ പ്രധാന പദ്ധതിയായ 'സൗദി വിഷൻ 2030', 'ദേശീയ ഗതാഗത ലോജിസ്റ്റിക് സ്ട്രാറ്റജി' എന്നിവ കൈവരിക്കുന്നതിൽ ഈ വികസനം വലിയ പങ്കുവഹിക്കും. ആർ.എസ്.ജി.ടിയുടെ നിലവിലുള്ള കരാറിന് കീഴിൽ നിർമ്മിക്കുന്ന ഈ പുതിയ ടെർമിനലിന് പ്രതിവർഷം 26 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും.
ഏറ്റവും പുതിയ തലമുറയിൽപ്പെട്ട കൂറ്റൻ കണ്ടെയ്‌നർ കപ്പലുകളെ സുഗമമായി അടുപ്പിക്കാൻ ശേഷിയുള്ള ആഴക്കടൽ ബർത്തുകൾ, 10 പുതിയ കൂറ്റൻ ഷിപ്പ്-ടു-ഷോർ ക്രെയിനുകൾ, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവ പുതിയ ടെർമിനലിെൻറ ഭാഗമായി സജ്ജീകരിക്കും. ഇത് ചരക്ക് നീക്കത്തിെൻറ വേഗതയും കാര്യക്ഷമതയും വർദ്ധിപ്പിക്കും.
നിലവിലുള്ള ആർ.എസ്.ജി.ടി ടെർമിനലിന് സമീപം നിർമ്മിക്കുന്ന ഈ കേന്ദ്രം, ഇരു കമ്പനികളുടെയും സംയുക്ത സംരംഭത്തിന് കീഴിലായിരിക്കും പ്രവർത്തിക്കുക. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ വൻകരകളെ ബന്ധിപ്പിക്കുന്ന ചെങ്കടൽ പാതയിലെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം പ്രയോജനപ്പെടുത്തി, സൗദിയെ ലോകത്തിലെ മുൻനിര ലോജിസ്റ്റിക്സ് കേന്ദ്രമാക്കി മാറ്റാൻ ഈ പദ്ധതി വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

