ജിദ്ദയിൽ തകരാറിലായ 351 കെട്ടിട ഉടമകൾക്ക് നഗരസഭ നോട്ടീസയച്ചു; ലക്ഷ്യം അപകടസാധ്യതകൾ കുറക്കൽ
text_fieldsജിദ്ദ: നഗരത്തിൽ തകരാറിലായ 351 കെട്ടിട ഉടമകൾക്ക് നഗരസഭ നോട്ടീസയച്ചു. നഗര പരിസ്ഥിതിയിൽ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും പൊതുജന സുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
അൽ ഫൈസലിയ, അൽ റബ്‌വ പ്രദേശങ്ങളിലെ തകർന്ന കെട്ടിടങ്ങളുടെ ഉടമകൾക്കുള്ള നോട്ടീസ് നൽകുന്ന നടപടിക്രമങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ചാണ് ജിദ്ദ നഗരസഭ ആരംഭിച്ചത്. ഇത്തരം കെട്ടിടങ്ങളിൽ നിന്നുള്ള അപകടസാധ്യതകൾ കുറക്കുകയാണ് ലക്ഷ്യം.
അൽ ഫൈസലിയ പ്രദേശത്തെ 263 കെട്ടിടങ്ങളും അൽ റബ്‌വ പ്രദേശത്തെ 88 കെട്ടിടങ്ങളും തകരാൻ സാധ്യതയുള്ളതായി തിരിച്ചറിഞ്ഞതായും ആവശ്യമായ നിയന്ത്രണ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അവയുടെ ഉടമകളോട് സെക്രട്ടേറിയറ്റ് അടിയന്തരമായി സന്ദർശിക്കാൻ ആവശ്യപ്പെട്ടതായും നഗരസഭാ അധികൃതർ സ്ഥിരീകരിച്ചു.
നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ തകർച്ച ഭീഷണി നേരിടുന്ന കെട്ടിടങ്ങളുടെ അവസ്ഥ നിരീക്ഷിക്കുന്നതിനും, താമസക്കാർക്കും പരിസര പ്രദേശങ്ങൾക്കും ഉണ്ടാകാവുന്ന അപകടസാധ്യതകൾ കുറക്കുന്നതിനും, പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുന്നതിനുള്ള തുടർച്ചയായ പദ്ധതികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
തകർന്ന കെട്ടിടങ്ങളുടെ അവസ്ഥ പരിഹരിക്കുന്നതിനായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസി ആന്റ് ക്രൈസിസ് നടപ്പിലാക്കുന്ന കാമ്പയിനിന്റെ ഭാഗമായി, ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ബാധിത കെട്ടിടങ്ങളുടെ ഉടമകളോട് വേഗത്തിൽ സെക്രട്ടറിയേറ്റ് ആസ്ഥാനം സന്ദർശിക്കാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

