ജിദ്ദ നോർത്ത് അബ്ഹുറിൽ ആദ്യത്തെ പബ്ലിക് സാൻഡ് ബീച്ച് തുറന്നു
text_fieldsജിദ്ദ നോർത്ത് അബ്ഹുറിൽ പൊതുജനത്തിന് തുറന്നുകൊടുത്ത ആദ്യത്തെ പബ്ലിക്
സാൻഡ് ബീച്ച്
ജിദ്ദ: ജിദ്ദ നോർത്ത് അബ്ഹുറിലെ ആദ്യത്തെ പബ്ലിക് സാൻഡ് ബീച്ച് തുറന്നു. 17,640 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ‘ഫ്യൂച്ചർ ബീച്ച്’ എന്ന പേരിലാണ് ഈ ബീച്ച് തുറന്നതെന്ന് ജിദ്ദ മുനിസിപ്പാലിറ്റി വ്യക്തമാക്കി. ജലാശയങ്ങളോടു ചേർന്ന് പുനഃസ്ഥാപിച്ച സൈറ്റുകളിലൊന്നാണിത്. ബീച്ച് തുറന്നതു മുതൽ കാൽനടയാത്രക്കാരിലും വിനോദസഞ്ചാരികളിലുംനിന്ന് ബീച്ചിന് വലിയ ഡിമാൻഡാണെന്ന് മറൈൻ കൺട്രോൾ അണ്ടർസെക്രട്ടറി സാമിർ നഹാസ് പറഞ്ഞു.
എല്ലാ അടിസ്ഥാന സേവനങ്ങളോടും കൂടിയ സുരക്ഷിത ഇടങ്ങൾ സൗജന്യമായി നൽകി മണൽ നിറഞ്ഞ ബീച്ചുകളുടെ സംസ്കാരം വർധിപ്പിക്കാൻ മുനിസിപ്പാലിറ്റി പ്രവർത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അംഗീകൃത ലൈഫ് ഗാർഡുകളുടെ സാന്നിധ്യമുണ്ട്. സുരക്ഷയും അടിയന്തര രക്ഷാപ്രവർത്തനങ്ങളും വർധിപ്പിക്കുന്നതിന് സമുദ്ര നിരീക്ഷണ ടവറുകൾ, പരിസ്ഥിതി സുസ്ഥിരത കൈവരിക്കുന്നതിന് സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിളക്ക് തൂണുകൾ, നിയമങ്ങളും അനുവദനീയമായ നീന്തൽ സമയവും ഉൾപ്പെടെ ബീച്ചുകൾ ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സംബന്ധിച്ച ബോധവത്ക്കരണ ബോർഡുകൾ എന്നിവ സ്ഥാപിക്കൽ വികസന പ്രവർത്തനങ്ങളിലുൾപ്പെടുമെന്നും നഹാസ് പറഞ്ഞു.
മറ്റു രണ്ട് മണൽ ബീച്ചുകൾ കൂടി തയാറാക്കുന്നതിനും വികസിപ്പിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ജിദ്ദ മുനിസിപ്പാലിറ്റിയിൽ പുരോഗമിക്കുകയാണ്. അതിലൊന്ന് 10,32,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ്. മറ്റൊരു ബീച്ച് 75,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. വാട്ടർഫ്രണ്ടുകളിൽ മുമ്പ് വികസിപ്പിച്ച സൈറ്റുകളിലേക്ക് ചേർക്കാനാണിതെന്നും നഹാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

