ലോകകപ്പ്: കളികാണാൻ കൂറ്റൻ സ്‌ക്രീനുകൾ സ്ഥാപിച്ച് ജിദ്ദ മുനിസിപ്പാലിറ്റി
text_fieldsജിദ്ദ: ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ സൗദിയിലുള്ള കളിപ്രേമികൾക്ക് നേരിട്ട് കാണാൻ ജിദ്ദ മുനിസിപ്പാലിറ്റി തത്സമയ സംപ്രേഷണത്തിന് കൂറ്റൻ സ്‌ക്രീനുകൾ ഒരുക്കി. സൗദി ദേശീയ ടീമിനെ പിന്തുണയ്ക്കുന്നതിനുള്ള 'ഖുദാം' കാമ്പയിനുമായി സഹകരിച്ചാണ് നഗരത്തിലെ കെട്ടിടങ്ങളിൽ സ്ക്രീനുകൾ സ്ഥാപിക്കുക, വൈദ്യുത വിളക്കുകളാൽ അലങ്കരിക്കുക, പ്രോത്സാഹജനകമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ പരിപാടികൾ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ച് നടപ്പാക്കുന്നത്.
ദേശീയ ടീമിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങൾക്കായി ഒരു പാക്കേജ് തയാറാക്കിയതായി മുനിസിപ്പാലിറ്റി കമ്യൂണിറ്റി സർവിസ് ഡയറക്ടർ ജനറൽ മാജിദ് ബിൻ ഉമർ അൽസലമി പറഞ്ഞു. ജിദ്ദ നഗരവാസികൾക്ക് മത്സരങ്ങൾ തത്സമയം കാണുന്നതിന് വലിയ സ്ക്രീനുകൾ സ്ഥാപിച്ചതാണ് ഒന്ന്. മുനിസിപ്പാലിറ്റി പ്രധാന കെട്ടിടം, അബ്റഖ് അൽറഗാമയിലെ കിങ് അബ്ദുൽ അസീസ് കൾച്ചറൽ സെൻറർ, അമീർ മജീദ് പാർക്ക്, തഹ്‌ലിയ പാർക്ക്, മിഡിൽ കോർണിഷ് പാർക്ക്, തഹ്‌ലിയ, അൽഫൈഹ, ത്വയ്‌ബ, അൽറിഹാബ്, അൽയമാമ നടപ്പാതകൾ എന്നിവിടങ്ങളിലാണ് വലിയ സ്ക്രീനുകൾ സ്ഥാപിക്കുന്നത്.
റോഡുകളിലെ പരസ്യ സ്‌ക്രീനുകളിലൂടെ സൗദി ദേശീയ ടീമിനെ പിന്തുണച്ച് പ്രചാരണ സന്ദേശങ്ങൾ പ്രചരിപ്പിക്കും. പ്രധാന കെട്ടിടവും ജിദ്ദ ഗേറ്റുകളും ലൈറ്റുകളാൽ അലങ്കരിക്കും. മത്സരം വീക്ഷിക്കുന്ന സ്ഥലങ്ങളിലെത്തുന്നവർക്ക് വിവിധ പരിപാടികൾ, ഫുട്ബാൾ കഴിവുകളുടെ പ്രദർശനത്തിനായി പ്രത്യേക സ്ഥലങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ ഒരുക്കിയതായും കമ്യൂണിറ്റി സർസിസ് ഡയറക്ടർ ജനറൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

