ഇരുനൂറിന്റെ നിറവിൽ ജിദ്ദ മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്
text_fields200 യോഗങ്ങൾ പൂർത്തിയാക്കിയതിനെത്തുടർന്ന് ജിദ്ദ മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്
സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ പങ്കെടുത്തവർ
ജിദ്ദ: മലയാണ്മയുടെ വാങ്മയപരിശീലനത്തിൽ ശാസ്ത്രീയമായ പാഠ്യ പദ്ധതി ഒരുക്കി മാസത്തിൽ രണ്ടു ദിവസം പ്രസംഗക്കളരിയൊരുക്കി ജിദ്ദ മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് വിജയകരമായ 200 യോഗങ്ങൾ പൂർത്തീകരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
പ്രസംഗപരിശീലനത്തിനും വ്യക്തിവികാസത്തിനും പ്രവൃത്തിയിലൂടെ പരിശീലനം നൽകുന്ന ആഗോള അടിസ്ഥാനത്തിലുള്ള പ്രസ്ഥാനമായ ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറർനാഷനലിന്റെ കീഴിൽ ലോകത്തെ ആദ്യത്തെ മലയാളം ക്ലബായ ജെ.എം.ടി.സി 200ാം യോഗത്തിന്റെയും ഓണത്തിന്റെയും ആഘോഷം സംഘടിപ്പിച്ചു. അസീസിയ വില്ലേജ് റസ്റ്റാറൻറിൽ നടന്ന പരിപാടി ക്ലബ് പ്രസിഡൻറ് നജീബ് വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു.
ആശ അനിൽ യോഗനടപടികൾ വിശദീകരിച്ചു. സെക്രട്ടറി കൃപ കുരുങ്ങാട്ട് മിനിറ്റ്സ് അവതരിപ്പിച്ചു. ക്ലബ് മുൻ പ്രസിഡൻറും ടോസ്റ്റ് മാസ്റ്റേഴ്സ് ഡിസ്ട്രിക്ട് 104 ഡയറക്ടറും കൂടിയായ സജി കുര്യാക്കോസ് ‘ഉത്സവങ്ങളിലൂടെ ഒരു യാത്ര’ വിഷയത്തിലൂന്നി പരിപാടികൾ നിയന്ത്രിച്ചു. ക്ലബ് സ്ഥാപക പ്രസിഡൻറ് റാഷിദ് അലി മുഖ്യപ്രഭാഷണം നടത്തി.
ഡിസ്ട്രിക്ട് 104 ക്ലബ് ഗ്രോത്ത് ഡയറക്ടർ ബാലസുബ്രഹ്മണ്യൻ, മാധ്യമപ്രവർത്തകരായ മുസാഫിർ, പി.എം. മായിൻകുട്ടി, സാദിഖലി തൂവ്വൂർ, കബീർ കൊണ്ടോട്ടി, സാഹിത്യപ്രവർത്തകരായ ഹംസ മദാരി, സലീന മുസാഫിർ, റജിയ വീരാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
യൂനസ് അഹമദ് പുതിയ അംഗങ്ങളുടെ അവരോധന പ്രക്രിയകൾക്ക് നേതൃത്വം നൽകി. ‘എതിർവ’ എന്ന പുസ്തകത്തിനെ നജീബ് വെഞ്ഞാറമൂട് സദസ്യർക്കു പരിചയപ്പെടുത്തി. ബഷീർ അമ്പലവൻ പൊതുമൂല്യകർത്താവും കൃപ കുറുങ്ങാട്ട് ടേബ്ൾ ടോപ്പിക്സ് പ്രഭാഷണാവതാരകയും അനിൽ സി. നായർ ടേബ്ൾ ടോപ്പിക് പ്രഭാഷണ അവലോകനും സമീർ കുന്നൻ, സഹീർ അബ്ദുൽ ഖാദർ, റഷീദ് അലി എന്നിവർ പ്രഭാഷണ മൂല്യകർത്താക്കളുമായിരുന്നു. ആശ അനിൽ വ്യാകരണ നിരീക്ഷകയായും ടി.പി. റാഷിദ പ്രഭാഷണങ്ങൾക്കിടയിലെ അപശബ്ദ നിരീക്ഷകയായും ഷമീർ വയനാട് സമയപാലകനായും സഹീർ അബ്ദുൽ ഖാദർ അവാർഡ് മാസ്റ്ററായും കർത്തവ്യങ്ങൾ നിർവഹിച്ചു. ‘ആശയസംവേദനത്തിന്റെ അർഥവും വ്യാപ്തിയും’ തലക്കെട്ടിൽ റോഷൻ നായരും ‘റയാന’ തലക്കെട്ടിൽ യൂനസ് അഹമ്മദും ‘ഓർമക്കായ് ഓർക്കാം’ തലക്കെട്ടിൽ അസ്സൈൻ ഇല്ലിക്കലും തയാറാക്കിയ പ്രഭാഷണങ്ങൾ അവതരിപ്പിച്ചു.
തയാറാക്കിയ പ്രസംഗത്തിൽ റോഷൻ നായരും ടേബ്ൾ ടോപ്പിക്കിൽ അഡ്വ. ശംസുദ്ദീനും മൂല്യനിർണയത്തിൽ സഹീർ അബ്ദുൽ ഖാദറും മികച്ച പ്രഭാഷകരായി തെരഞ്ഞെടുക്കപ്പെട്ടു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

