പുതിയ വായന സങ്കൽപങ്ങൾ തുറന്ന് ജിദ്ദ ലിറ്റ് എക്സ്പോക്ക് തുടക്കം
text_fieldsഫോക്കസ് ഇന്റർനാഷനൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിക്കുന്ന
ലിറ്റ് എക്സ്പോ ജലീൽ കണ്ണമംഗലം ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: വായനയുടെ വിശാല ലോകത്തേക്ക് വെളിച്ചം വീശി ജിദ്ദ ലിറ്ററേച്ചർ എക്സ്പോക്ക് പ്രൗഢമായ തുടക്കം. ഫോക്കസ് ഇന്റർനാഷനൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിക്കുന്ന രണ്ട് മാസം നീളുന്ന ലിറ്റ് എക്സ്പോ 2025ന്റെ തുടക്കം പുസ്തക പ്രേമികളുടെ വേറിട്ട സംഗമമായി മാറി.
ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ജലീൽ കണ്ണമംഗലം ലിറ്റ് എക്സ്പോയുടെ ഉദ്ഘാടനം നിർവഹിച്ചു. എക്സ്പോ സ്വാഗതസംഘം ചെയർമാൻ സലാഹ് കാരാടൻ അധ്യക്ഷതവഹിച്ചു. ചർച്ചയിൽ പങ്കെടുത്ത വിവിധ വായനക്കൂട്ടങ്ങളുടെ പ്രതിനിധികൾ വായനയുടെ സമകാലിക സാഹചര്യങ്ങളെ ഗൗരവമായി വിലയിരുത്തി. വായന മരിച്ചുവെന്ന വാദം അസ്ഥാനത്താണെന്നും, കാലത്തിനനുസരിച്ച് വായനയുടെ സ്വഭാവത്തിനു മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു.
എഴുത്തുകാരൻ ബഷീർ വള്ളിക്കുന്ന്, റഫീഖ് പെരുൾ (സിജി കമ്യൂണിറ്റി ലൈബ്രറി), ഷാജി അത്താണിക്കൽ (സമീക്ഷ വായനാവേദി), സക്കീർ ഹുസൈൻ എടവണ്ണ (ജിദ്ദ വായനാകൂട്ടം), ശിഹാബ് കരുവാരകുണ്ട് (അക്ഷരം വായനാവേദി), അബ്ദുൽ ഗഫൂർ (പ്രസി. ഇന്ത്യൻ ഇസ് ലാഹി സെന്റർ ജിദ്ദ), പ്രിൻസാദ് പാറായി (ഫോക്കസ്) എന്നിവർ സംസാരിച്ചു.
ഫോക്കസ് ജിദ്ദ ഭാരവാഹികളായ ഷഫീഖ് പട്ടാമ്പി സ്വാഗതവും റഷാദ് കരുമാര നന്ദിയും പറഞ്ഞു. രണ്ടുമാസം നീളുന്ന ലിറ്റ് എക്സ്പോയുടെ സമാപനമായി ബുക്ക് ഹറാജ് 2026 ജനുവരി 10ന് നടക്കും. മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന ബുക്ക് ഹറാജിന്റെ കഴിഞ്ഞ രണ്ട് പതിപ്പുകളുടെ വിഡിയോ പ്രദർശനവും പരിപാടിയിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

