ഇനി കടലിലും ടാക്സി; ജിദ്ദയിൽ ടാക്സി ബോട്ട് സർവിസിന് തുടക്കം
text_fieldsജിദ്ദയിൽ ടാക്സി സർവിസ് നടത്തുന്ന ബോട്ട്
ജിദ്ദ: സൗദിയിലിനി കടലിലും ടാക്സി. ജിദ്ദയിലെ ചെങ്കടൽഭാഗത്താണ് പരീക്ഷണാർഥം ബോട്ട് ടാക്സികൾ സർവിസ് ആരംഭിച്ചത്. നഗരത്തിലെ ഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനും സമുദ്രഗതാഗത മേഖല വികസിപ്പിക്കുന്നതിനും മേഖലയിലെ സമുദ്ര ടൂറിസം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയായ സീ ടാക്സിയുടെ ഉദ്ഘാടനം ഗതാഗത ലോജിസ്റ്റിക്സ് ഡെപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് അൽ റുമൈഹിന്റെ സാന്നിധ്യത്തിൽ ജിദ്ദ മേയർ സാലിഹ് അൽ തുർക്കി നിർവഹിച്ചു.
സമുദ്രഗതാഗത രംഗത്തെ ഗുണപരമായ കുതിപ്പായാണ് ഇതിനെ വിലയിരുത്തുന്നത്. ആദ്യ ഘട്ടത്തിൽ ജിദ്ദ യാച്ച് ക്ലബ്, ജിദ്ദ ഹിസ്റ്റോറിക്കൽ ഏരിയ, ശറമു അബ്ഹുർ ഏരിയ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് രണ്ട് ബോട്ടുകൾ ടാക്സി സർവിസ് നടത്തും.
ജിദ്ദ മേയർ സാലിഹ് അൽ തുർക്കി പദ്ധതിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഗതാഗതരംഗത്തെ അടിസ്ഥാനസൗകര്യം വികസിപ്പിക്കാനുള്ള സൗദിയുടെ കാഴ്ചപ്പാടാണ് ഇതിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സഞ്ചാരം സുഗമമാക്കുന്ന ആധുനിക ഗതാഗത സൗകര്യങ്ങളിലൊന്നാണിത്. ജിദ്ദയിലെ ടൂറിസം, നാവിക ഗതാഗത മേഖലയിലെ തന്ത്രപ്രധാനമായ കൂട്ടിച്ചേർക്കലാണിതെന്നും മേയർ പറഞ്ഞു.
ജിദ്ദ മേയർ സാലിഹ് അൽ തുർക്കി ഉദ്ഘാടനം നിർവഹിക്കുന്നു
സുരക്ഷിതവും സുഗമവുമായ സമുദ്ര ഗതാഗതം മെച്ചപ്പെടുത്താനും ജിദ്ദ നഗരത്തിലെ ജീവിത നിലവാരം മെച്ചപ്പെടുത്താനും കടൽ ടാക്സി പദ്ധതി സഹായിക്കുമെന്ന് ജിദ്ദ ഗതാഗത കമ്പനി സി.ഇ.ഒ എൻജി. യൂസഫ് അൽ സാനിഗ് പറഞ്ഞു. ആദ്യ ഘട്ടത്തിൽ രണ്ട് ബോട്ടുകളാണ് സർവിസ് നടത്തുന്നത്. ഒന്നിൽ 94 പേർക്കും മറ്റൊന്നിൽ 55 പേർക്കും യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. ഭിന്നശേഷിക്കാർക്ക് അവർക്ക് സൗകര്യപ്രദമായ പ്രവേശന കവാടങ്ങളും എക്സിറ്റുകളും ഒരുക്കിയിട്ടുണ്ട്.
സീ ടാക്സി പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി ജിദ്ദ ട്രാൻസ്പോർട്ടേഷൻ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. വിശദാംശങ്ങൾ https://app.jedtc.com.sa/ എന്ന ലിങ്കിൽനിന്ന് ലഭിക്കുമെന്നും അൽ സാനിഗ് പറഞ്ഞു. ഭാവിയിൽ കടൽതീരത്തെ മറ്റ് സ്ഥലങ്ങൾ പദ്ധതി വിപുലീകരണത്തിലുൾപ്പെടും. റമദാനിൽ ദിവസവും ഉച്ചകഴിഞ്ഞ് 3.30 മുതൽ പുലർച്ചെ 1.30 വരെ സീ ടാക്സി പ്രവർത്തിക്കും. ടിക്കറ്റ് നിരക്ക് 25 മുതൽ 50 റിയാൽ വരെയാണ്. കുട്ടികളെ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അൽ സാനിഗ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

