Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജിദ്ദ - കോഴിക്കോട് സ്പൈസ്ജെറ്റ് വിമാന സർവിസുകൾ പ്രവാസികളെ വട്ടം കറക്കുന്നത് തുടരുന്നു
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ - കോഴിക്കോട്...

ജിദ്ദ - കോഴിക്കോട് സ്പൈസ്ജെറ്റ് വിമാന സർവിസുകൾ പ്രവാസികളെ വട്ടം കറക്കുന്നത് തുടരുന്നു

text_fields
bookmark_border

ജിദ്ദ: ജിദ്ദക്കും കോഴിക്കോടിനുമിടയിൽ സർവീസ് നടത്തുന്ന സ്പൈസ്ജെറ്റ് വിമാന സർവിസുകൾ പ്രവാസികൾക്ക് പ്രയാസമേറ്റുന്നതായി പരാതി. കൃത്യസമയം പാലിക്കാതിരിക്കൽ, സർവീസുകൾ റദ്ദാക്കൽ, കൃത്യമായ വിവരങ്ങൾ യാത്രക്കാരെ അറിയിക്കാതിരിക്കൽ തുടങ്ങിയവ ആവർത്തിക്കുന്നതായാണ് പരാതി. വെള്ളിയാഴ്ച രാവിലെ 9.45 ന് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് എസ്.ജി 36 വിമാനം വൈകിയതിനെ തുടർന്ന് ഉച്ചക്ക് 1.25 ന് പുറപ്പെടും എന്നായിരുന്നു ആദ്യം യാത്രക്കാർക്ക് കിട്ടിയ വിവരം. അത് പിന്നീട് രാത്രി 10.30 നായിരിക്കും എന്നറിയിച്ചതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ നിന്നും മടങ്ങിയിരുന്നു.

ശേഷം വിമാനം ഉച്ചക്ക് 2.30 ന് പുറപ്പെടും എന്നും ഉടനെ വിമാനത്താവളത്തിൽ എത്താനും അവശ്യപ്പെട്ട് യാത്രക്കാർക്ക് വീണ്ടും അറിയിപ്പ് കിട്ടിയതനുസരിച്ച് വിമാനത്താവളത്തിലെത്തിയപ്പോൾ വിമാനം ശനിയാഴ്ച ഉച്ചക്ക് 2.30 നായിരിക്കും പുറപ്പെടുക എന്നാണ് അധികൃതർ അറിയിച്ചതെന്ന് ഈ വിമാനത്തിൽ കുടുംബ സമേതം യാത്ര ചെയ്യേണ്ടിയിരുന്ന കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്‌ഹാഖ്‌ പൂണ്ടോളി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് ഉറ്റവരെ കാണാൻ പോകുന്നവർ, പരീക്ഷ എഴുതാനായി പോവുന്ന വിദ്യാർത്ഥികൾ, സന്ദർശക വിസയിലെത്തി വിസ കാലാവധിയുടെ അവസാന ദിവസങ്ങളിൽ തിരിച്ചുപോകുന്ന കൊച്ചു കുട്ടികളും വൃദ്ധന്മാരുമടക്കമുള്ള കുടുംബങ്ങൾ, അസുഖങ്ങൾക്കുള്ള തുടർ ചികിത്സക്ക്പുറപ്പെടുന്നവർ, ഉറ്റവരുടെ മരണ വിവരമറിഞ്ഞു അവരുടെ മുഖം അവസാനമൊന്ന് കാണാനായി യാത്ര ചെയ്യുന്നവർ തുടങ്ങി നിരവധി പേരാണ് വിമാനകമ്പനിയുടെ നിരുത്തരവാദപരമായ പ്രവർത്തികൾ കൊണ്ട് കഷ്ടപ്പെടുന്നത്. സന്ദർശക വിസയിലെത്തിയവർ പലരും തങ്ങളുടെ റൂമുകൾ വരെ ഒഴിവാക്കിയാണ് യാത്ര പുറപ്പെടുന്നത്. ഒരാഴ്ചത്തെ ലീവിന് നാട്ടിൽ പോവുന്നവർക്കും വിമാനം വൈകുന്നത് കൊണ്ട് അവരുടെ അവധി ദിനങ്ങളാണ് നഷ്ടപ്പെടുന്നത്. ടിക്കറ്റ് ഇഷ്യൂ ചെയ്‌താൽ പിന്നെ കാൻസൽ ചെയ്താലും കാശ് തിരിച്ചു കിട്ടില്ല എന്ന നിബന്ധന ഉള്ളത് കൊണ്ട് യാത്രക്കാർക്ക് ടിക്കറ്റ് കാൻസൽ ചെയ്തു മറ്റു വിമാനങ്ങളിൽ യാത്ര ചെയ്യാനും സാധിക്കുന്നില്ല.

അതിനിടെ വെള്ളിയാഴ്ച പുലർച്ചെ ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്പൈസ്ജെറ്റ് വിമാനം കൊച്ചിയിൽ ഇറക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു. വ്യാഴാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് നാല് പ്രാവശ്യം സമയം മാറ്റി വെള്ളിയാഴ്ച്ച പുലർച്ചെ പുറപ്പെട്ടത്. കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ അറ്റകുറ്റപ്പണിയെത്തുടർന്ന് പകൽ സമയം വിമാനം ഇറക്കാൻ സാധിക്കാത്തതിനാലാണ് വിമാനം ഉച്ചക്ക് കൊച്ചിയിലിറക്കിയത്. കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് ബസ് മാർഗം എത്തിക്കാമെന്ന വിമാനക്കമ്പനി അധികൃതരുടെ നിർദേശം അംഗീകരിക്കാതെ യാത്രക്കാർ ബഹളം വെച്ചതിനെത്തുടർന്ന് വിമാനമാർഗം തന്നെ ഇവരെ കരിപ്പൂരിലെത്തിക്കാമെന്ന് പൊലീസിന്‍റെ സാന്നിധ്യത്തിൽ ധാരണയുണ്ടാക്കുകയായിരുന്നു. പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന സ്പൈസ്ജെറ്റ് വിമാനക്കമ്പനി, ഇത്തരം വിഷയത്തിൽ അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ശക്തമായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpiceJetSpiceJet flightexpatriates
News Summary - Jeddah - Kozhikode SpiceJet flights continue to trouble expatriates
Next Story