ജിദ്ദ കെ.എം.സി.സി കാരുണ്യ ഹസ്‌തം; വിവിധ കാരുണ്യ പദ്ധതികളുടെ സഹായ വിതരണം ഇന്ന് മലപ്പുറത്ത് നടക്കും
text_fieldsജിദ്ദ: ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ കാരുണ്യ ഹസ്‌തം സാന്ത്വന വർഷം വ്യാഴാഴ്ച വൈകീട്ട് നാലിന് മലപ്പുറം ജില്ല മുസ്ലിംലീഗ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ആക്ടിങ് പ്രസിഡന്റ് വി.പി മുസ്‌തഫ, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. വിവിധ പദ്ധതികളിൽ നിന്നായി ഒരു കോടിയോളം രൂപയുടെ സഹായധനം മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിതരണം ചെയ്യും. മുസ്ലിംലീഗ്, കെ.എം.സി.സി നേതാക്കൾ പങ്കെടുക്കും. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതി അംഗമായിരിക്കെ മരണപെട്ടവരുടെ കുടുംബത്തിനും അടുത്ത ദിവസങ്ങളിൽ വിവിധ രോഗ ചികിത്സ നടത്തിയവർക്കുമുള്ള പദ്ധതി വിഹിതമാണ് വിതരണം ചെയ്യുന്നത്.
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ, ജില്ല ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ച് പാവപെട്ട രോഗികളെ സഹായിക്കാനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ സി.എച്ച് സെന്ററുകൾക്കായി ജിദ്ദ കെ.എം.സി.സി സാമ്പത്തിക സഹായം നൽകാറുണ്ട്. രണ്ടര കോടി രൂപ മുതൽ മുടക്കി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിർമ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഡോർമെറ്ററി സെൻറർ കെട്ടിടം ഉൾപ്പെടെ വിവിധ സി.എച്ച് സെൻററുകളിൽ ജിദ്ദ കെ.എം.സി.സി നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ പൂർത്തീകരണത്തിനാണ് കാരുണ്യ ഹസ്‌തം സാന്ത്വന വർഷത്തിൽ 36 ലക്ഷത്തോളം രൂപയുടെ മറ്റൊരു സഹായം വിതരണം ചെയ്യുന്നത്.
ജിദ്ദയിൽ ജോലി സ്ഥലത്ത് വെച്ച് വാട്ടർ ടാങ്കിൽ വീണ് മരിച്ച പ്രവാസിയുടെ കുടുംബത്തിനായി വള്ളിക്കുന്നിൽ വിലക്ക് വാങ്ങിയ 13 സെന്റ് ഭൂമിയുടെ രേഖയും ചടങ്ങിൽ കൈമാറും. തന്റെ രണ്ട് പെൺമക്കളുടെ വിവാഹ നിശ്ചയദിവസമാണ് കാഴ്ച കുറവുണ്ടായിരുന്ന ഈ പ്രവാസി അബദ്ധത്തിൽ ജോലി സ്ഥലത്തെ വാട്ടർ ടാങ്കിൽ വീണ് മരിച്ചത്. നിശ്ചയിച്ച രണ്ട് മക്കളുടെയും വിവാഹത്തിന്റെ പൂർണ്ണ ചിലവ് വഹിച്ച് ഒരു വർഷം മുമ്പ് ജിദ്ദ കെ.എം.സി.സി അദ്ദേഹത്തിന്റെ മക്കളുടെ വിവാഹം നടത്തി കൊടുത്തിരുന്നു. ഇപ്പോൾ കൈമാറുന്ന ഭൂമിയിൽ ഈ പ്രവാസിയുടെ വിധവയുടെ ജീവിത വരുമാനത്തിനായ് വാടകക്ക് നൽകാവുന്ന കെട്ടിടം പണിയുമെന്നും ഭാരവാഹികൾ അറിയിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ ജിദ്ദ കെ.എം.സി.സി പ്രവർത്തകരും നേതാക്കളുമായ ജനപ്രതിനിധികൾക്ക് ജിദ്ദ കെ.എം.സി.സി നൽകുന്ന സ്നേഹാദരവും ചടങ്ങിൽ നടക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

