ജിദ്ദ കെ.എം.സി.സി ഹജ്ജ് വളന്റിയർ രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsജിദ്ദ കെ.എം.സി.സി ഹജ്ജ് വളന്റിയർ രജിസ്ട്രേഷൻ ചെമ്പൻ മുസ്തഫയിൽ നിന്ന് അപേക്ഷ ഫോറം ഏറ്റുവാങ്ങി മുസ്‍ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: 'ഉത്തമ സേവനത്തിന് ഉദാത്ത മാതൃക' എന്ന സന്ദേശവുമായി വിശുദ്ധ ഹജ്ജിനെത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാനായി പുറപ്പെടുന്ന ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ വളന്റിയർമാർക്കുള്ള രജിസ്ട്രേഷൻ ചെമ്പൻ മുസ്തഫയിൽ നിന്ന് അപേക്ഷ ഫോറം ഏറ്റുവാങ്ങി മുസ്‍ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു.
പ്രവാസ ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സേവനങ്ങളിലൊന്നായ കെ.എം.സി.സി ഹജ്ജ് വളന്റിയർ സേവനത്തോടും സേവകരോടും മുസ്‍ലിംലീഗ് പാർട്ടിക്ക് വലിയ മതിപ്പും ആദരവുമാണെന്ന് പറഞ്ഞ അദ്ദേഹം ഈ പ്രവർത്തനത്തിൽ പാർട്ടിയുടെ പ്രത്യേക ശ്രദ്ധ ഉണ്ടാവുമെന്ന് ഓർമപ്പെടുത്തി.
ഈ വർഷത്തെ ഹജ്ജിൽ ഹജ്ജ് മന്ത്രാലയവും ഇന്ത്യൻ ഹജ്ജ് മിഷനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായും പരിപൂർണമായും സഹകരിച്ചായിരിക്കും കെ.എം.സി.സി ഹജ്ജ് സെൽ പ്രവർത്തിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ടി.എം.എ. റഊഫ്, വി.പി. മുസ്തഫ, നാസർ എടവനക്കാട് എന്നിവർ സംസാരിച്ചു. അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു.
ജിദ്ദയിലെ കെ.എം.സി.സി ജില്ല, ഏരിയ, മണ്ഡലം പഞ്ചായത്ത് കമ്മിറ്റികൾ സാക്ഷ്യപ്പെടുത്തിയ പ്രത്യേകം രജിസ്ട്രേഷൻ ഫോറത്തിൽ ഫോട്ടോ സഹിതം വ്യക്തിഗത വിവരങ്ങളും രേഖപ്പെടുത്തിയ ശേഷം ഇഖാമ കോപ്പി സഹിതം പത്ത് ദിവസത്തിനകം ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് അപേക്ഷ ഫോറം കൈമാറണമെന്നും മുൻവർഷങ്ങളിൽ സേവനം ചെയ്തവർക്ക് രജിട്രേഷനിൽ മുൻഗണന ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.