ജിദ്ദ കേരള കലാസാഹിതി 29-മത് വാർഷികാഘോഷം 'കളേഴ്സ് ഓഫ് ഇന്ത്യ' വെള്ളിയാഴ്ച
text_fieldsജിദ്ദ: ജിദ്ദയിലെ മലയാളികളുടെ പഴയകാല സാംസ്‌കാരിക കൂട്ടായ്മയായ കേരള കലാസാഹിതി 29-മത് വാർഷികാഘോഷം വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'കളേഴ്സ് ഓഫ് ഇന്ത്യ സീസൺ നാല്' എന്ന പേരിൽ നടക്കുന്ന പരിപാടികൾ ജിദ്ദ മഹ്ജറിലെ ഖുബ്ബ ഓഡിറ്റോറിയത്തിൽ വൈകീട്ട് 6.30 മുതൽ ആരംഭിക്കും.
കലാസാഹിതി കുടുംബത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൃത്തങ്ങളും ഭരതനാട്യം, കുച്ചുപ്പുടി, കഥക്, ബോളിവുഡ് ഡാൻസ് തുടങ്ങിയ നൃത്തരൂപങ്ങളും വേദിയിൽ അരങ്ങേറും. കലാസാഹിത്യ കുടുംബങ്ങളിലെ അംഗങ്ങളാണ് നൃത്തങ്ങളെല്ലാം ചിട്ടപ്പെടുത്തുന്നത്. 'ഇന്ത്യയുടെ മിസൈൽ മാൻ' എന്നറിയപ്പെടുന്ന മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ ജീവിതം ചിത്രീകരിക്കുന്ന അവതരണവുമുണ്ടാവും.
നാട്ടിൽ നിന്നെത്തുന്ന യുവ ഗായകരായ ലിബിൻ സ്കറിയ, രേഷ്മ രാഘവേന്ദ്ര എന്നിവരുടെ സംഗീത മേളയാണ് കലാസാഹിതി കളേഴ്സ് ഓഫ് ഇന്ത്യയുടെ മുഖ്യ ആകർഷണം. ഷാറുഖ് ഖാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളോടൊപ്പം റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുള്ള ന്യൂജൻ ഗായിക രേഷ്മയും, യുവതീ യുവാക്കളുടെ ഹരമായ ലിബിനും ജിദ്ദയിലെ സഹൃദയർക്ക് പുതിയ സംഗീതാനുഭവം പകരുമെന്നാണ് കരുതുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഓസ്കാർ ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
കലാസാഹിതി പ്രസിഡന്റ് ഷാനവാസ് കൊല്ലം, സെക്രട്ടറി മാത്യു വർഗീസ്, ട്രഷറർ ഡാർവിൻ ആന്റണി, പ്രോഗ്രാം കൺവീനർ സജി കുര്യാക്കോസ്, ഫിനാൻസ് കൺവീനർ അഷ്‌റഫ് കുന്നത്ത്, രക്ഷാധികാരി മുസാഫിർ, മോഹൻ ബാലൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

