ജിദ്ദ അന്താരാഷ്ട്ര ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷൻ ജനുവരി 28 മുതൽ
text_fieldsനേരത്തെ നടന്ന ജിദ്ദ അന്താരാഷ്ട്ര ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനിൽ നിന്ന്
ജിദ്ദ: ഗവർണറേറ്റിെൻറ ആതിഥേയത്വത്തിൽ 'ജിദ്ദ അന്താരാഷ്ട്ര ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷൻ 2026' (ജെ.ടി.ടി.എക്സ്) ജനുവരി 28 മുതൽ 30 വരെ നടക്കും. ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിക്കുന്ന ഈ ബൃഹത്തായ മേള ജിദ്ദ ഇന്റർനാഷനൽ എക്സിബിഷൻ ആൻഡ് ഇവന്റ് സെന്ററിലാണ് അരങ്ങേറുന്നത്.
അന്താരാഷ്ട്ര തലത്തിലും പ്രാദേശികവുമായ ടൂറിസം കേന്ദ്രങ്ങളെയും അനുബന്ധ സേവനങ്ങളെയും പരിചയപ്പെടുത്തുന്ന എക്സിബിഷനിൽ 27 രാജ്യങ്ങളിൽ നിന്നായി ഏകദേശം 179 പ്രദർശകർ പങ്കെടുക്കും. ടൂറിസം മേഖലയിലെ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, നൂതന പ്രവണതകൾ എന്നിവ ജനങ്ങളിലേക്കും ബിസിനസ് മേഖലയിലേക്കും എത്തിക്കുന്നതിനുള്ള വലിയൊരു വിപണിയായി ഈ വാർഷിക മേള മാറും.
യാത്രാപ്രേമികളെ ലക്ഷ്യമിട്ട് നടത്തുന്ന ഈ പ്രദർശനം ബിസിനസ് സ്ഥാപനങ്ങൾക്ക് തങ്ങളുടെ പുതിയ സേവനങ്ങളും ഉൽപ്പന്നങ്ങളും പുറത്തിറക്കാനുള്ള സുവർണാവസരമാണ് നൽകുന്നത്. നിലവിലുള്ള പങ്കാളിത്തങ്ങൾ നിലനിർത്തുന്നതിനും പുതിയ ബിസിനസ് ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും ആധുനിക മാർക്കറ്റിങ് ടൂളുകൾ ഉപയോഗപ്പെടുത്താൻ ഈ പ്ലാറ്റ്ഫോം പ്രദർശകർക്ക് സൗകര്യമൊരുക്കുന്നു. ഇതിലൂടെ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ ആകർഷിക്കാനും ബ്രാൻഡ് മൂല്യം വർധിപ്പിക്കാനും സാധിക്കും.ടൂറിസം രംഗത്തെ പ്രഫഷനലുകളുമായി നേരിട്ട് സംവദിക്കാനും ബന്ധങ്ങൾ വിപുലീകരിക്കാനും സന്ദർശകർക്കും പങ്കാളികൾക്കും ഈ മേള അവസരം നൽകുന്നുണ്ട്.
അന്താരാഷ്ട്ര തലത്തിൽ ബിസിനസ് വളർത്തുന്നതിനും ആഗോള വിപണിയിലെ പുതിയ മാറ്റങ്ങൾ മനസ്സിലാക്കുന്നതിനും ജിദ്ദ അന്താരാഷ്ട്ര ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷൻ വഴിയൊരുക്കും. വിജ്ഞാന കൈമാറ്റത്തിലൂടെയും പുതിയ ട്രെൻഡുകൾ പഠിക്കുന്നതിലൂടെയും ടൂറിസം മേഖലയിലെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മൂന്ന് ദിവസത്തെ ഇവന്റ് ഏറെ പ്രയോജനകരമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

