ജിദ്ദ ഇന്ത്യൻ സ്കൂൾ തിരിച്ചു കിട്ടും; ഒൗദ്യോഗിക പ്രഖ്യാപനം നാളെ
text_fieldsജിദ്ദ: ആശങ്കൾക്കും പരിഭവങ്ങൾക്കുമൊടുവിൽ ജിദ്ദ ഇന്ത്യൻ സ്കൂളിന് കുടിയിറക്ക് ഭീഷണിയിൽ നിന്ന് മോചനം. വാടകത്തർക്കവുമായി ബന്ധപ്പെട്ട തർക്കത്തിന് അധികൃതരുടെ ഇടപെടലിൽ ഏതാണ്ട് പരിഹാരമായി. കോൺസൽ ജനറലിെൻറ നിർദേശപ്രകാരം ഡെപ്യൂട്ടികോൺസൽ ജനറൽ കെട്ടിട ഉടമയുമായി തിങ്കളാഴ്ച ഉച്ചക്ക് നടത്തിയ ചർച്ചയാണ് വഴിത്തിരിവായത്. ചർച്ചയുടെ വിശദാംശങ്ങൾ ഒൗദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ചൊവ്വാഴ്ച പ്രതികരിക്കാമെന്ന് കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു.
ഇന്ത്യൻ അംബാസഡറുമായി വിഷയം ചർച്ച ചെയ്ത ശേഷമാവും ഒൗദ്യോഗിക പ്രഖ്യാപനം. വാടകത്തർക്കത്തിനെ തുടർന്നുണ്ടായ കോടതി വിധിയാണ് സ്കൂളിനെതിരായിരുന്നത്. അതേ സമയം കോടതിക്ക് പുറത്ത് പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന രക്ഷിതാക്കളുടെയും ഇന്ത്യൻ പൗരാവലിയുടെയും ശക്തമായ ആവശ്യമാണ് നടപ്പിലാവുന്നത്. വിദ്യാർഥികളുടെ ഒാൺലൈൻ കാമ്പയിനും ഫലം കണ്ടു. പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങുന്നു എന്ന് തിങ്കളാഴ്ച ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഒത്തുതീർപ്പ് വഴിത്തിരിവിലെത്തിയത്. സ്കൂൾ ഫർണിച്ചർ മാറ്റുന്ന നടപടികൾ നിർത്തിവെച്ചിട്ടുണ്ട്.
വിഷയത്തിൽ മുൻ ചെയർമാൻമാരായ അഡ്വ. ഷംസുദ്ദീൻ, ഇഖ്ബാൽ പൊക്കുന്ന്, സലാഹ് കാരാടൻ, കെ.ടി.എ മുനീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അധികൃതരെ സമീപിച്ച് സമ്മർദ്ദം ചൊലുത്തിയിരുന്നു.
സ്കൂൾ കെട്ടിടം ഒഴിയുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളുടെ ഭീമ ഹരജി കേന്ദ്രസർക്കാറിന് സമർപ്പിച്ചിരുന്നു. ഒാൺലൈൻ ഒപ്പുശേഖരണത്തിന് വൻ പ്രതികരണമാണ് ലഭിച്ചത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനാണ് കുട്ടികൾ ഭീമഹരജി നൽകിയത്. അയ്യായിരേത്താളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ബോയ്സ് സെക്ഷൻ കെട്ടിടം വാടക സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ഒഴിയുന്നത്.
അതിനിടെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ നിന്ന് വിദ്യാർഥികളെ കുടിയിറക്കുന്ന സാഹചര്യം ഒഴിവാക്കാൻ ജിദ്ദയിലെ വ്യവസായ പ്രമുഖർ രംഗത്ത് വന്നിരുന്നു. രക്ഷിതാക്കൾക്കും ഇന്ത്യൻ പൗരാവലിക്കും വേണ്ടിയാണ് മലയാളി വ്യവസായികൾ ഇടപെട്ടിരുന്നത്. അംബസഡറെ നേരിൽ കണ്ട് സ്കൂൾ നിലനിർത്താനാവശ്യമായ സാമ്പത്തിക സഹായം വരെ വാഗ്ദാനം ചെയ്യാനായിരുന്നു അവരുടെ തീരുമാനം. അതേ സമയം തങ്ങളാണ് പ്രശ്നം പരിഹരിച്ചത് എന്ന അവകാശവാദവുമായെത്തിയവരെ കോൺസുലേറ്റ് താക്കീതു ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
