മാധ്യമ പരിശീലനവും ദേശീയ ദിനാഘോഷവും സംഘടിപ്പിച്ച് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം
text_fieldsജിദ്ദ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവർ
ജിദ്ദ: സൗദി അറേബ്യയുടെ 95ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം മാധ്യമ പരിശീലനവും ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു. വിവിധ സംഘടനകളിൽ നിന്നും പ്രത്യേകം തെരഞ്ഞെടുത്ത പ്രതിനിധികൾക്ക് മാധ്യമങ്ങളിലേക്ക് വാർത്തകൾ തയാറാക്കുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു നൽകുന്ന മാധ്യമ പരിശീലനം നൽകി.
വാർത്തകൾ തയാറാക്കുന്നതിലെ പ്രാഥമിക കാര്യങ്ങളും ചട്ടങ്ങളും ഫോറം പ്രസിഡന്റ് കബീർ കൊണ്ടോട്ടി വിശദീകരിച്ചു. വിഷ്വൽ മീഡിയയിലേക്കുള്ള വാർത്ത തയാറാക്കുന്നതിനെക്കുറിച്ചും ഏറ്റവും നൂതനമായ ആർട്ഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ചും ഗഫൂർ കൊണ്ടോട്ടി സംസാരിച്ചു.
സദസ്സിൽ നിന്നുള്ള സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മീഡിയ പ്രവർത്തകരായ സാദിഖലി തുവ്വൂർ, സുൽഫീക്കർ ഒതായി, സാബിത് സലീം, വഹീദ് സമാൻ, സാലിഹ് എന്നിവരടങ്ങുന്ന പാനൽ മറുപടി നൽകി.
‘സൗദിയുടെ പിറവിയും വളർച്ചയും’ വിഷയത്തെ ആസ്‌പദമാക്കി മാധ്യമ പ്രവർത്തകൻ എ.എം. സജിത്ത് സൗദി ദേശീയദിന സന്ദേശം നൽകി. സൗദി അറേബ്യയുടെ ചരിത്രവും വർത്തമാനവും പുതിയ ഭരണാധികാരികൾക്ക് കീഴിൽ രാജ്യം ഇന്നെത്തി നിൽക്കുന്ന വികസന വളർച്ചയും അദ്ദേഹം വിശദീകരിച്ചു.
ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ സംഘടനകളിലെ മീഡിയ, പബ്ലിക് റിലേഷൻ വിഭാഗം ചുമതലക്കാരും ബിസിനസ് രംഗത്തെ വ്യക്തിത്വങ്ങളും പങ്കെടുത്ത പരിപാടിയിൽ കേക്ക് മുറിച്ച് സൗദി ദേശീയദിനം ആഘോഷിച്ചു.
‘ദ മലയാളം ന്യൂസ്’ ഓൺലൈൻ പോർട്ടൽ പുറത്തിറക്കുന്ന സൗദി അറേബ്യയെക്കുറിച്ചുള്ള മാഗസിന്‍ കവര്‍ പ്രകാശനവും ചടങ്ങിൽ നടന്നു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ബിജുരാജ് രാമന്തളി സ്വാഗതവും വൈസ് പ്രസിഡന്റ് ഇബ്രാഹിം ശംനാട് നന്ദിയും പറഞ്ഞു. ട്രഷറർ പി.കെ സിറാജ് കൊട്ടപ്പുറം വിവിധ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

