‘ലഹരിയുണ്ടാക്കുന്ന ആത്യന്തിക നഷ്ടത്തെക്കുറിച്ചാണ് ഇസ്‌ലാഹി പ്രസ്ഥാനത്തിന് പറയാനുള്ളത്'; ലഹരിക്കെതിരെ പ്രവർത്തനങ്ങളുമായി ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ
text_fieldsജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിൽ 'ആദർശസംഗമവും ഇഫ്താർ വിരുന്നും' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂർ മുഹമ്മദ് നൂർഷ സംസാരിക്കുന്നു
ജിദ്ദ: നമ്മുടെ നാട്ടിൽ വ്യാപകമായ ലഹരിവിപത്തിനെതിരെ പല സംഘടനകളും പ്രതികരിക്കുന്നുണ്ടെങ്കിലും അതുണ്ടാക്കുന്ന ആത്യന്തിക വിപത്തായ പരലോക നഷ്ടത്തെക്കുറിച്ചാണ് ഇസ്‌ലാഹി പ്രസ്ഥാനത്തിന് ഒന്നാമതായി പറയാനുള്ളതെന്ന് കെ. എൻ. എം സംസ്ഥാന ട്രഷററും കേരള ഹജ്ജ് കമ്മിറ്റി മെംബറുമായ നൂർ മുഹമ്മദ് നൂർഷ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹിസെന്ററിൽ 'ആദർശസംഗമവും ഇഫ്താർ വിരുന്നും' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു.
ഇസ്‌ലാമിന്റെ തനതായ ആദർശത്തിൽ നിലകൊള്ളുന്നതുകൊണ്ടാണ് എത്രയൊക്കെ കുത്തുവാക്കുകൾ സഹിച്ചാലും ബുദ്ധിമുട്ടുകൾ നേരിട്ടാലും നമ്മൾ ഈ പ്രസ്ഥാനത്തിൽ ഉറച്ചുനിൽക്കുന്നത്. സംഘടന അതിന്റെ ആദർശത്തിൽ വീഴ്ച വരുത്തിയാൽ അത് നമ്മളെയും വരും തലമുറയെയും ബാധിക്കും.
അതിനാൽ ഈ പ്രസ്ഥാനം ആദർശത്തിൽ നിന്ന് വ്യതിചലിക്കുന്നില്ലെന്ന് നാം എപ്പോഴും ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുൻഫുദ ജാലിയാത്ത് മേധാവി ശൈഖ് ഹസ്സൻ അലി ഹർബി മുഖ്യാഥിതിയായിരുന്നു. കെ. എൻ. എം മുൻ സംസ്ഥാന സെക്രട്ടറി എം അബ്ദുറഹ്മാൻ സലഫി മുഖ്യപ്രഭാഷണം നടത്തി.
ഇസ്‌ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങളും ഉണ്ടായത് റമദാൻ മാസത്തിലാണെന്നും ഓരോ ചരിത്ര സംഭവങ്ങളും ജീവിതത്തിൽ പ്രചോദനമായി വർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ. എൻ. എം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സദസ്സിൽ വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തുകയുണ്ടായി.
ശൈഖ് ഹസ്സൻ അലി ഹർബി, നൂർ മുഹമ്മദ് നൂർഷ, എം അബ്ദുറഹ്മാൻ സലഫി എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. റമദാനിൽ സെന്ററിൽ എല്ലാ ദിവസവും ഇഫ്താറിന് ശേഷം സംഘടിപ്പിച്ച പഠന ക്ലാസിനോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
മുഷ്ത്താഖ് അഹമ്മദ്, മുഹമ്മദ് അബ്ദുൽ ഹമീദ്, മിന്നാഹ്, സിതാര ജാസ്മിൻ, റഹീല ഷറഫുദ്ധീൻ, ഫാരിസ് ഫൈസൽ, ബിൻഷ എന്നിവർ സമ്മാനാർഹരായി. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷിഹാബ് സലഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

