ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ എസ്.ഐ.ആർ ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു
text_fieldsജിദ്ദ: നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി പ്രവാസികളടക്കമുള്ള പൊതുജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കുന്നതിനായി ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ സാമൂഹ്യബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു.
കെ.എൻ.എം മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റും വണ്ടൂർ സലഫിയ്യ കോളജ് പ്രിൻസിപ്പലുമായ യൂസുഫലി സ്വലാഹി പരിപാടി ഉദ്ഘാടനം ചെയ്തു. 1920കൾ മുതൽ തന്നെ ഓരോ കാലഘട്ടത്തിലും സമൂഹത്തിന്റെ പ്രതിസന്ധികളും പ്രശ്നങ്ങളും മുന്നിൽ കണ്ടുകൊണ്ട് അവരെ ഉണർത്തുന്ന ഒരു സംഘമാണ് ഇസ്ലാഹി പ്രസ്ഥാനമെന്നും എസ്.ഐ.ആർ ബോധവത്കരണ പരിപാടികളും അതിന്റെ ഭാഗമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഡൽഹി പബ്ലിക് സ്കൂൾ അധ്യാപകനും ജിദ്ദയിലെ മെക് സെവൻ പരിശീലകനുമായ മുഹമ്മദ് മുസ്തഫ മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് 2025ലെ വോട്ടർപട്ടിക പരിഷ്കരണമാണെന്നും അതിൽ പേരുള്ളവർക്കാണ് ബി.എൽ.ഒമാർ ‘എന്യൂമറേഷൻ ഫോമുകൾ’ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളടക്കം നിലവിൽ ഫോമുകൾ ലഭിക്കാത്ത ആരും അടുത്ത ഡിസംബർ ഒമ്പതിന് ആദ്യത്തെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത് വരെ ഒന്നും ചെയ്യേണ്ടതില്ല. പുതിയ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം അതിൽ പേരില്ലാത്തവർ ഫോം 6ഉം പ്രവാസികളാണെങ്കിൽ ഫോം 6എയും ഉപയോഗിച്ച് അടുത്ത വർഷം ജനുവരി എട്ടു വരെ പുതിയ വോട്ടർമാരായിട്ട് പിന്നീട് ചേർക്കാവുന്നതാണ്.
ഇത്തരത്തിൽ ചേർക്കപ്പെട്ടവരെക്കൂടി ഉൾപ്പെടുത്തി ഫെബ്രുവരി ഏഴിനായിരിക്കും അവസാന വോട്ടർപട്ടിക പ്രസിദ്ധീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. സദസ്യരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

