ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ പൊതുപ്രഭാഷണ പരിപാടി സംഘടിപ്പിച്ചു
text_fieldsജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച പൊതുപരിപാടിയിൽ അബ്ദുൽ മജീദ് സുഹ്രി സംസാരിക്കുന്നു
ജിദ്ദ: ലോകത്ത് കഴിഞ്ഞു പോയ മുഴുവൻ പ്രവാചകന്മാരും ഏകദൈവ പ്രബോധനം നിർവഹിച്ചവരായിരുന്നുവെന്ന് ഇസ്ലാഹി പ്രഭാഷകനും യാംബു ഇസ്ലാഹി സെൻറർ മുൻ ജനറൽ സെക്രട്ടറിയുമായ അബ്ദുൽ മജീദ് സുഹ്രി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘തവസ്സുൽ: തൗഹീദായതും ശിർക്കായതും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചകന്മാരുടെ പാത പിന്തുടർന്നുകൊണ്ട് ഏകദൈവവിശ്വാസം ശക്തമായി പ്രബോധനം നിർവഹിച്ച മഹാനായിരുന്നു പിൽക്കാലത്ത് വന്ന മുഹിയുദ്ദീൻ ശൈഖ്. എന്നാൽ അദേഹത്തിന്റെ അധ്യാപനങ്ങൾക്ക് കടകവിരുദ്ധമായി അദ്ദേഹത്തോട് തന്നെ നേരിട്ട് പ്രാർഥനകളും സഹായാഭ്യർഥനകളും നടത്തുന്ന വിശ്വാസികൾ ഇന്നുണ്ട് എന്നതാണ് ഖേദകരം. സദസ്യരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെൻറർ മുൻ ജനറൽ സെക്രട്ടറിയും സൗദി നാഷനൽ കമ്മിറ്റി മുൻ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇദ്രീസ് സ്വലാഹി ആമുഖപ്രഭാഷണം നടത്തി. മക്തി തങ്ങൾ തുടക്കമിട്ട നവോത്ഥാന പ്രവർത്തനങ്ങൾ പിന്നീട് തെക്കൻ കേരളത്തിൽ വക്കം മൗലവിയും മധ്യകേരളത്തിൽ കെ.എം സീതി സാഹിബും മലബാറിൽ കെ.എം മൗലവിയുമടക്കമുള്ള നേതാക്കളും പണ്ഡിതരും ഏറ്റെടുത്തു മുന്നോട്ട് കൊണ്ടുപോയതിൻറെ ഫലമാണ് ഇന്ന് കേരള മുസ്ലിങ്ങൾ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ മുസ്ലിങ്ങളെക്കാൾ ആത്മീയമായും ബൗധികമായും മുന്നിലെത്താൻ പ്രധാന കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി സ്വാഗതവും നൂരിഷാ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

