ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖുർആൻ പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു
text_fieldsജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ഖുർആൻ
പഠിതാക്കളുടെ സംഗമത്തിൽ ആരിഫ് സൈൻ സംസാരിക്കുന്നു
ജിദ്ദ: മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമായ മൂല്യങ്ങൾ ഏതെങ്കിലും കാലഘട്ടത്തിൽ മാത്രം പ്രസക്തമല്ലെന്നും അത് ശാശ്വതമായി നിലനിൽക്കേണ്ട ഒന്നാണെന്നും അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് മുൻ പ്രിൻസിപ്പലും ഇസ്ലാഹി പ്രഭാഷകനും എഴുത്തുകാരനുമായ ആരിഫ് സൈൻ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ഖുർആൻ പഠിതാക്കളുടെ സംഗമത്തിൽ 'മഹത്തായ മദീന വിദ്യാപീഠം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ന് മൂല്യങ്ങളെ തിരസ്കരിക്കാനുള്ള ശ്രമങ്ങൾ ലോകത്ത് വ്യാപകമായി നടക്കുകയാണ്.
'സദാചാരം' എന്നത് പോലും ഒരു അശ്ലീല പദമായി ആളുകൾ പരിഗണിക്കാൻ തുടങ്ങിയിരിക്കുന്നു. മനുഷ്യസമൂഹത്തിൽ നിന്ന് ഇങ്ങനെ മൂല്യങ്ങൾ നഷ്ടപ്പെടുമ്പോൾ അത് പുനരുജ്ജീവിപ്പിക്കുന്ന ദൗത്യമായിരുന്നു എക്കാലത്തും ലോകത്ത് പ്രവാചകൻമാർ നിർവഹിച്ചിരുന്നത്. ഓരോ വിത്തിനെയും ഒരു വൃക്ഷമാക്കി മാറ്റുന്നതുപോലെ ഓരോരുത്തരെയും ഉയർന്ന മൂല്യബോധമുള്ള മനുഷ്യരാക്കിമാറ്റുകയും ഒരുത്തമ സമൂഹം എങ്ങനെയായിരിക്കണമെന്നും അന്ത്യ പ്രവാചകൻ ലോകത്തിന് കാണിച്ചു തന്നു. എന്നാൽ മൊബൈൽ ഫോണും ഇന്റർനെറ്റും കൈയിലുള്ള ഇക്കാലത്ത് നമ്മൾ അറിവുകൾ തേടി എങ്ങോട്ടും പോകേണ്ട കാര്യമില്ലെന്നും നമുക്ക് ലഭിക്കുന്ന ആവശ്യമില്ലാത്ത അറിവുകൾ ഒഴിവാക്കാനാണ് ഇന്ന് നമ്മൾ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം ഉണർത്തി.
ഫിറോസ് കൊയിലാണ്ടി സമാപനപ്രസംഗം നടത്തി. സകരിയ്യ തിരുവനന്തപുരം, ഹെസനത്ത്, ജെനി അൻവർ, മറിയം തുടങ്ങിയ പഠിതാക്കൾ ഖുർആൻ പഠനംകൊണ്ടുള്ള അനുഭവങ്ങൾ സദസുമായി പങ്കുവെച്ചു. ഖുർആൻ പരീക്ഷകളിൽ വിജയികളായവർക്ക് കാശ് പ്രൈസും സമ്മാനങ്ങളും വിതരണം ചെയ്തു. വിജയികളായ ഉമ്മു നിദ, ജെനി അൻവർ, ഷരീഫ് ബാവ, ആമിന വാളപ്ര എന്നിവർക്ക് കാശ് പ്രൈസും സി.ടി ലുബ്ന, എ.കെ സുമയ്യ, ഹെസനത്ത്, സെനിയ്യ എന്നിവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ആരിഫ് സൈൻ സമ്മാനദാനം നിർവഹിച്ചു. 'ലേൺ ദ ഖുർആൻ' കൺവീനർ കെ.ടി അബ്ദുറഹ്മാൻ, കമ്മിറ്റി അംഗം ആഷിഖ് മഞ്ചേരി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷിഹാബ് സലഫി അധ്യക്ഷതവഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നഈം മോങ്ങം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

