ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ 'വെർച്വൽ അപ്പോയിൻറ്മെൻറ് സിസ്റ്റം' ആരംഭിച്ചു; പ്രദേശത്തെ പ്രവാസികൾക്ക് ഏറെ ഉപകാരപ്രദം
text_fieldsജിദ്ദ: സൗദിയിലെ പടിഞ്ഞാറൻ മേഖലയിലെ ഇന്ത്യൻ പ്രവാസികൾക്ക് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായി നേരിട്ട് ഓൺലൈൻ വഴി ബന്ധപ്പെടാൻ സൗകര്യം ചെയ്തുകൊണ്ട് കോൺസുലേറ്റിൽ വെർച്വൽ അപ്പോയിൻറ്മെൻറ് സിസ്റ്റം(വാസ്) ആരംഭിച്ചു.
കോൺസുലേറ്റിെൻറ അധികാര പരിധിയിൽ വരുന്ന ഇന്ത്യൻ സമൂഹവുമായി കോൺസുലേറ്റിനെ കൂടുതൽ ബന്ധിപ്പിക്കുന്നതിന് വെർച്വൽ അപ്പോയിൻറ്മെൻറ് സിസ്റ്റം ഏറെ സഹായിക്കുമെന്ന് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദൂര പ്രദേശങ്ങളിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് കോണ്സുലേറ്റിൽ നേരിട്ടെത്തി ആവശ്യങ്ങൾ നിർവഹിക്കുക എന്നത് ബുദ്ധിമുട്ടായതിനാൽ പുതിയ സംവിധാനം ഇത്തരക്കാർക്ക് ഏറെ ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
കോൺസുലേറ്റ് സന്ദർശിക്കാതെ തന്നെ മുഴുവൻ സേവനങ്ങൾക്കും പുതിയ സേവനമായ വെർച്വൽ അപ്പോയിൻറ്മെൻറ് സിസ്റ്റം സഹായിക്കും. എങ്കിലും പുതിയ സംവിധാനം അധികമായി വികസിപ്പിച്ചതാണെന്നും സാധാരണ രീതിയിലുള്ള കോൺസുലേറ്റ് പ്രവർത്തനങ്ങൾ പതിവുപോലെ പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ഐ.ഒ.എസിലും ലഭ്യമായ 'ഇന്ത്യ ഇൻ ജിദ്ദ' എന്ന് പേരിട്ടിരിക്കുന്ന കോൺസുലേറ്റ് ആപ്പ് വഴി വെർച്വൽ അപ്പോയിൻറ്മെൻറ് ബുക്ക് ചെയ്യാം. അപ്ലിക്കേഷനിലെ 'ബുക്ക് അപ്പോയിൻമെൻറ്' എന്നത് സെലക്ട് ചെയ്ത് അവിടെ ഉപയോക്താക്കൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച തീയതിയും സമയവും തെരഞ്ഞെടുത്ത് കോൺസുലേറ്റുമായി വെർച്വൽ അപ്പോയിൻറ്മെൻറ് ബുക്ക് ചെയ്യാം.
ഇപ്രകാരം മീറ്റിങ് ബുക്ക് ചെയ്തുകഴിഞ്ഞാൽ അനുവദിക്കപ്പെട്ട സമയത്ത് കോൺസുലേറ്റ് ഉദ്യോഗസ്ഥർ സൂം വീഡിയോ കോൾ അപ്ലക്കേഷൻ വഴി ഉപയോക്താക്കളുമായി നേരിട്ട് ബന്ധപ്പെടും. ഈ സമയം തങ്ങളുടെ ആവശ്യങ്ങൾ / ആശങ്കകൾ / ചോദ്യങ്ങൾ ഉദ്യോഗസ്ഥരോട് നേരിട്ട് അവതരിപ്പിക്കാനും പരിഹാരം കാണാനും സാധിക്കും. വെർച്വൽ അപ്പോയിൻറ്മെൻറ് ബുക്ക് ചെയ്യുന്ന ആളുടെ മൊബൈലിൽ സൂം വീഡിയോ അപ്ലിക്കേഷൻ നിർബന്ധമായും ഉണ്ടായിരിക്കണം. വിസ, പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ, ഒ.സി.ഐ, ജയിൽ, മരണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം, മിസ്സിങ്, ഫൈനൽ എക്സിറ്റ് തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഇത്തരത്തിൽ വെർച്വൽ അപ്പോയിൻമെൻറ് സിസ്റ്റം വഴി കൈകാര്യം ചെയ്യുമെന്ന് കോൺസുലേറ്റ് അറിയിച്ചു.
കോൺസുലേറ്റും ഇന്ത്യൻ സമൂഹവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുള്ള ഒരു ഉപകരണമായി ഡിജിറ്റൽ ടെക്നോളജി ഉപയോഗിക്കുന്നതിനുള്ള മറ്റൊരു പടിയാണ് വെർച്വൽ അപ്പോയിൻറ്മെൻറ് സിസ്റ്റം. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിെൻറ പരിധിയിൽ വരുന്ന തബൂക്ക്, അബ്ഹ, ജിസാൻ, നജ്‌റാൻ, മദീന, യാംബു തുടങ്ങിയ വിദൂര പ്രദേശങ്ങളിലുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഏറെ ഉപകാരപ്പെടുന്ന സംവിധാനമായിരിക്കും വെർച്വൽ അപ്പോയിൻറ്മെൻറ് സിസ്റ്റം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

