Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജ് ഒരുക്കങ്ങളും പ്രവാസി ക്ഷേമവും: പദ്ധതികൾ വിശദീകരിച്ച് ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി

text_fields
bookmark_border
  • വരുന്ന ഹജ്ജ് സീസണിനായുള്ള ഒരുക്കങ്ങൾ കോൺസുലേറ്റ് വേഗത്തിലാക്കി.
  • ഇന്ത്യൻ ആരോഗ്യ രംഗത്ത് മുന്നേറ്റം: ആറാം കുടുംബ ആരോഗ്യ സർവേ വിവരങ്ങൾ പുറത്തുവിട്ട് കോൺസുൽ ജനറൽ.
ഹജ്ജ് ഒരുക്കങ്ങളും പ്രവാസി ക്ഷേമവും: പദ്ധതികൾ വിശദീകരിച്ച് ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി
cancel
camera_alt

ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

ജിദ്ദ: കഴിഞ്ഞ ഹജ്ജ് സീസൺ വിജയകരമായി പൂർത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിൽ, വരുന്ന ഹജ്ജ് സീസണിലേക്കുള്ള മുൻകൂർ ഒരുക്കങ്ങൾ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വേഗത്തിലാക്കിയതായി കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി അറിയിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹജ്ജ് ഒരുക്കങ്ങളും കോൺസുലേറ്റ് പ്രവർത്തനങ്ങളും ഇന്ത്യയുടെ ആറാം ദേശീയ കുടുംബ ആരോഗ്യ സർവേ ഫലങ്ങളും അദ്ദേഹം വിശദീകരിച്ചത്. ഹെഡ് ഓഫ് ചാൻസറിയും പ്രസ് ആൻഡ് ഇൻഫർമേഷൻ കോൺസലുമായ ഇമാം മെഹ്ദി ഹുസൈനും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. കഴിഞ്ഞ ഹജ്ജിന് ഇന്ത്യയിൽ നിന്നുള്ള മുഴുവൻ ക്വോട്ടയായ 1,75,000 തീർത്ഥാടകർക്കും ഫലപ്രദമായി ഹജ്ജ് കർമങ്ങൾ നിർവഹിക്കാനുള്ള സാഹചര്യങ്ങൾ കോണ്സുലേറ്റിന് കീഴിൽ ഒരുക്കിയിരുന്നു. ഇതിൽ 70 ശതമാനം പേർ ഹജ്ജ് കമ്മിറ്റി വഴിയും 30 ശതമാനം പേർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയുമാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

തീർത്ഥാടകർക്ക് മശാഇർ മേഖലകളായ മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിലേക്ക് യഥാസമയം എത്തുന്നതിനും ചടങ്ങുകൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. തീർത്ഥാടകർക്ക് വികേന്ദ്രീകൃത രീതിയിൽ തത്സമയ വൈദ്യസഹായം ലഭ്യമാക്കിയ മെഡിക്കൽ ആർക്കിടെക്ചർ സംവിധാനം മരണനിരക്ക് കുറയ്ക്കുന്നതിനും അടിയന്തര ആശ്വാസം നൽകുന്നതിനും ഏറെ സഹായകമായി. കൂടാതെ ബാഗേജ് രഹിത യാത്ര, റിമോട്ട് സിറ്റി ചെക്ക്-ഇൻ, ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ ഉപയോഗം 50 ശതമാനമായി ഉയർത്തിയത് എന്നിവ തീർത്ഥാടകരുടെ യാത്ര കൂടുതൽ സുഗമമാക്കി. ഇന്ത്യയിൽ വെച്ച് തന്നെ 10,000-ത്തോളം തീർത്ഥാടകർക്ക് 'നുസുക്' കാർഡുകൾ വിതരണം ചെയ്ത പൈലറ്റ് പ്രൊജക്റ്റ് വിജയകരമായിരുന്നുവെന്നും, വരും വർഷങ്ങളിൽ കൂടുതൽ ആളുകളിലേക്ക് ഇത് വ്യാപിപ്പിക്കാൻ സൗദി അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദീനയിൽ 100 ശതമാനം തീർത്ഥാടകർക്കും മർക്കസിയ മേഖലയിൽ തന്നെ താമസസൗകര്യം ഒരുക്കാനായി. വരുന്ന ഹജ്ജിലേക്കുള്ള അപേക്ഷാ നടപടികൾ ഭൂരിഭാഗവും പൂർത്തിയായതായും ഈ മാസം അവസാനത്തോടെ നറുക്കെടുപ്പ് നടക്കുമെന്നും, താമസ, ഗതാഗത, കാറ്ററിംഗ് സേവനങ്ങൾ കുറ്റമറ്റതാക്കാൻ ഇന്ത്യയിലെ ന്യൂനപക്ഷ മന്ത്രാലയവുമായും സൗദി അധികൃതരുമായും ചേർന്ന് പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും കോൺസുൽ ജനറൽ വ്യക്തമാക്കി.

ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി മാധ്യമപ്രവർത്തകരോടൊപ്പം.

ഇന്ത്യയിലെ 715 ജില്ലകളിൽ നിന്നായി 6.79 ലക്ഷം വീടുകളിൽ സർവേ നടത്തി തയ്യാറാക്കിയ ആറാം ദേശീയ കുടുംബ ആരോഗ്യ സർവേ (NFHS-6) വിവരങ്ങളും കോൺസുൽ ജനറൽ വിശദീകരിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ നിലവാരത്തിലും സാമൂഹിക, സാമ്പത്തിക സൂചികകളിലും വൻ കുതിച്ചുചാട്ടമാണ് സർവേ രേഖപ്പെടുത്തുന്നത്. രാജ്യത്ത് വൈദ്യുതീകരണം 98.3 ശതമാനമായും, ശുദ്ധജല ലഭ്യത 96.5 ശതമാനമായും, സർക്കാറിന്റെ ആരോഗ്യ ഇൻഷുറൻസ് കവറേജ് 60.2 ശതമാനമായും ഉയർന്നു. ആശുപത്രി പ്രസവങ്ങൾ 90.6 ശതമാനമായും, വിദഗ്ദ്ധരുടെ മേൽനോട്ടത്തിലുള്ള പ്രസവങ്ങൾ 91.3 ശതമാനമായും, പൂർണ്ണ വാക്സിനേഷൻ കവറേജ് 87.1 ശതമാനമായും വർധിച്ചപ്പോൾ കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾ 29.3 ശതമാനമായി കുറയ്ക്കാൻ സാധിച്ചു. കുടുംബ തീരുമാനങ്ങളിൽ പങ്കാളികളാകുന്ന സ്ത്രീകളുടെ അനുപാതം 89 ശതമാനമായും, സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ളവർ 89 ശതമാനമായും, സ്ത്രീകളിലെ ഇന്റർനെറ്റ് ഉപയോഗം 64.3 ശതമാനമായും ഉയർന്നത് വനിതാ ശാക്തീകരണത്തിലെ വലിയ നേട്ടമാണ്. ബാലവിവാഹം ഗണ്യമായി കുറയ്ക്കാനും (20.1 ശതമാനം), ജനനനിരക്ക് നിശ്ചിത മാനദണ്ഡത്തിൽ നിലനിർത്താനും സർവേ വിവരങ്ങൾ അനുസരിച്ച് ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സൗദിയിലെ പടിഞ്ഞാറൻ മേഖലയിലെ പ്രവാസികൾക്ക് കാര്യക്ഷമമായ സേവനം ഉറപ്പാക്കാൻ കോൺസുലേറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിമാസ ഓപ്പണ്‍ ഹൗസുകൾ, ഇന്ത്യന്‍ തൊഴിലാളികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'ജഷ്‌നെ മെഹനത് ശ്രമ ഉത്സവ്' തുടങ്ങിയവയും തടവുകാരുടെയും നിരാലംബരുടെയും മോചനത്തിനും ക്ഷേമത്തിനുമായി കോൺസുലേറ്റും കമ്മ്യൂനിറ്റി വളണ്ടിയർമാരും നടത്തുന്ന ഇടപെടലുകൾ തുടരും. അടുത്തിടെ വിജയകരമായി സംഘടിപ്പിച്ച 'ഇന്ത്യ: വെൽനസ് ആൻഡ് ഫ്ലേവേഴ്‌സ്', 'ശ്രം ഉത്സവ്' എന്നിവയ്ക്ക് പുറമേ, വരുംദിവസങ്ങളിൽ വാണിജ്യ, സാംസ്കാരിക, വിനോദ മേഖലകളിൽ കൂടുതൽ പ്രോഗ്രാമുകൾ ഇന്ത്യൻ സമൂഹവുമായി സഹകരിച്ച് സംഘടിപ്പിക്കുമെന്നും കോൺസുൽ ജനറൽ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jeddah Indian Consul General Press Meet
Next Story