ജിദ്ദ ചരിത്രമേഖലയിൽ സന്ദർശക പ്രവാഹം; റമദാനിലെത്തിയത് 40 ലക്ഷത്തിലധികം പേർ
text_fieldsറമദാൻ രാവുകളിൽ ജിദ്ദ ചരിത്രമേഖലയിൽ എത്തിയ സന്ദർശകർ
ജിദ്ദ: ഈ വർഷത്തെ റമദാൻ മാസത്തിൽ ജിദ്ദ ചരിത്രമേഖല സന്ദർശിച്ചത് 40 ലക്ഷത്തിലധികം പേർ. സ്വദേശികൾ, വിദേശികൾ, വിനോദസഞ്ചാരികൾ എന്നിവരടങ്ങുന്ന സന്ദർശകരുടെ ഈ വൻ പങ്കാളിത്തം മേഖലയിലെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വർധനവാണ്.
പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന ഒരു ആഗോള ടൂറിസ്റ്റ് ലക്ഷ്യസ്ഥാനമെന്ന നിലയിൽ ജിദ്ദ ചരിത്രമേഖലയുടെ വളർന്നുവരുന്ന പദവിയെയാണ് ഈ നേട്ടം അടിവരയിടുന്നത്.
റമദാനിലുടനീളം ചരിത്രമേഖലയിലെ വിവിധയിടങ്ങളിൽ സംഘടിപ്പിക്കപ്പെട്ട വൈവിധ്യമാർന്ന പരിപാടികളാണ് ഇത്രയധികം സന്ദർശകരെ ആകർഷിക്കാൻ കാരണമായത്. പൈതൃക പ്രദർശനങ്ങൾ, ജനപ്രിയ വിപണികൾ, പരമ്പരാഗത ഭക്ഷണവിഭവങ്ങൾ എന്നിവ സൗദി അറേബ്യയുടെ സാംസ്കാരിക സമ്പന്നതയെ സന്ദർശകർക്ക് മുന്നിൽ തുറന്നുകാട്ടി. ഇതിനുപുറമെ, പരമ്പരാഗത കരകൗശല വസ്തുക്കളുടെയും പ്രാദേശിക ഉൽപ്പന്നങ്ങളുടെയും പ്രദർശനവും ജിദ്ദയുടെ ചരിത്രത്തെ പരിചയപ്പെടുത്തുന്ന വിദ്യാഭ്യാസ പരിപാടികളും ഇൻട്രാക്റ്റീവ് വർക്ക്ഷോപ്പുകളും സന്ദർശകർക്ക് ഏറെ വിജ്ഞാനപ്രദമായ അനുഭവം പകർന്നു.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ജിദ്ദ ചരിത്രമേഖലയെ പുനരുജ്ജീവിപ്പിക്കാൻ സാംസ്കാരിക മന്ത്രാലയം നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടം. സാംസ്കാരിക ടൂറിസവും ചരിത്രപരമായ സ്ഥലങ്ങളുടെ പ്രാധാന്യവും വർധിപ്പിക്കുന്നതിനായി മന്ത്രാലയം ആവിഷ്കരിച്ച ഉയർന്ന നിലവാരമുള്ള പദ്ധതികൾ വലിയ ചലനാത്മകതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്കനുസൃതമായി ജിദ്ദ ചരിത്രമേഖലയെ ഒരു ആഗോള സാംസ്കാരിക കേന്ദ്രമായും സംസ്കാരം, അറിവ്, സർഗാത്മക സമ്പദ്വ്യവസ്ഥ എന്നിവയുടെ ഊർജ്ജസ്വലമായ വേദിയായും മാറ്റുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

