ജിദ്ദ ഫുട്ബാൾ ഫ്രൻഡ്ഷിപ് സെവൻസ് മത്സരം സംഘടിപ്പിക്കുന്നു
text_fieldsജിദ്ദ ഫുട്ബാൾ ഫ്രൻഡ്ഷിപ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ജിദ്ദ: വിവിധ ഫുട്ബാൾ ക്ലബുകളിൽനിന്നുള്ളവരുടെ കൂട്ടായ്മയായ ജിദ്ദ ഫുട്ബാൾ ഫ്രൻഡ്ഷിപ് സെവൻസ് ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നു. ജെ.എഫ്.എഫ് സോക്കർ ഫെസ്റ്റ് 2023 എന്ന പേരിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റ് ഈ മാസം 13, 20 തീയതികളിലായി രാത്രി എട്ടിന് ജിദ്ദ ശബാബിയ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് നടക്കുകയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കൂട്ടായ്മക്ക് കീഴിൽ നടക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം സമാ യുനൈറ്റഡ് ട്രേഡിങ് കമ്പനിയുമായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. സീനിയർ വിഭാഗത്തിൽ എട്ട് ടീമുകളും 40 വയസ്സിന് മുകളിലുള്ള പഴയകാല താരങ്ങൾ പങ്കെടുക്കുന്ന വെറ്ററൻസ് മത്സരത്തിലും കുട്ടികളുടെ ജൂനിയർ വിഭാഗത്തിലും നാലു വീതം ടീമുകളും പങ്കെടുക്കും.
സീനിയർ വിഭാഗത്തിൽ വിജയിക്കുന്ന ടീമിന് 3,001 റിയാൽ പ്രൈസ് മണിയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 1501 റിയാൽ പ്രൈസ് മണിയും ട്രോഫിയുമാണ് സമ്മാനം. വെറ്ററൻസ്, ജൂനിയർ വിഭാഗങ്ങളിൽ വിജയിക്കുന്ന ടീമുകൾക്ക് 1,001 റിയാൽ പ്രൈസ് മണിയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 501 റിയാൽ പ്രൈസ് മണിയും ട്രോഫിയും ലഭിക്കും. ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനും ഏറ്റവും നല്ല ഗോളിക്കും പ്രത്യേകം ട്രോഫികൾ ഉണ്ടായിരിക്കും. ‘ഫുട്ബാളിലൂടെ ചാരിറ്റി’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു നടക്കുന്ന ടൂർണമെന്റിനോടനുബന്ധിച്ച് പ്രത്യേകം സമ്മാന കൂപ്പണും പുറത്തിറക്കിയിട്ടുണ്ട്.
നറുക്കെടുപ്പിൽ വിജയിക്കുന്ന പത്തു പേർക്ക് ആകർഷകമായ സമ്മാനങ്ങളുണ്ടാവുമെന്നും ഭാരവാഹികൾ അറിയിച്ചു. കെ.സി. ശരീഫ്, ഷാഹുൽ ഹമീദ് പുളിക്കൽ, നിഷാബ് വയനാട്, അഷ്ഫാർ നരിപ്പറ്റ, ഇസ്ഹാഖ് പരപ്പനങ്ങാടി, റസാഖ് (സാമ യുനൈറ്റഡ്) എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

