ജിദ്ദ പ്രവാസികളെ ദുഃഖത്തിലാഴ്ത്തി കെ.എ.കെ. ഫൈസിയുടെ നിര്യാണ വാർത്ത
text_fieldsജിദ്ദ: ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന പണ്ഡിതനും ഗ്രന്ഥകാരനും വാഗ്മിയുമായ കെ.എ. കുഞ്ഞുമുഹമ്മദ് ഫൈസി എന്ന കെ.എ.കെ. ഫൈസിയുടെ (64) നിര്യാണ വാർത്ത ജിദ്ദയിൽ നിലവിലുള്ള പ്രവാസികളും മുൻ പ്രവാസികളുമായ നിരവധിയാളുകളെ ദുഃഖത്തിലാഴ്ത്തി.
ഏറെക്കാലമായി രോഗബാധിതനായിരുന്നെങ്കിലും ഗ്രന്ഥരചനയിലും സാമൂഹിക പ്രവര്‍ത്തനരംഗത്തും സജീവമായിരുന്ന ഇദ്ദേഹം പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചക്കുശേഷമാണ് മരിച്ചത്. ജിദ്ദ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കെ.എ.കെ ഫൈസി ഇസ്ലാമിക് ദഅവ കൗണ്‍സിലിന്റെ മുഖ്യ സംഘാടകനും ഐ.ഡി.സി പ്രസിദ്ധീകരിച്ച ജാലകം ദ്വൈമാസികയുടെ പത്രാധിപരുമായിരുന്നു.
ജിദ്ദയിലെ മത, സാമൂഹിക രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തി എന്ന നിലക്ക് നൂറുകണക്കിനാളുകൾ ഇദ്ദേഹത്തിന്റെ പരിചയക്കാരായിട്ടുണ്ട്. ഇസ്ലാമിക പണ്ഡിതരില്‍ അധികമാരും കൈകാര്യം ചെയ്യാത്ത മതത്തിലെ കല, സാഹിത്യം, വിനോദം, ചികിത്സ തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണം നടത്തി ശ്രദ്ധനേടിയിരുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സാനിയ ഫൗണ്ടേഷന്റെ സ്ഥാപകനും മുഖ്യ സാരഥിയുമായിരുന്നു.
1980ൽ പട്ടിക്കാട് ജാമിഅ നൂരിയയിൽനിന്ന് ഫൈസി ബിരുദം നേടി. വിവിധ പള്ളി ദർസുകളിൽ മുദരിസായും കൊണ്ടോട്ടി ബുഖാരി ദഅവ കോളജ്, പാണ്ടിയാട്ടുപുറം എം.എം അക്കാദമി കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. പ്രവാചകരുടെ വിയോഗാനന്തര ഇടപെടലുകൾ, മുഹമ്മദ് (സ്വ) 1001 ചരിത്രകഥകൾ, ഏഴ് വൻ പാപങ്ങൾ, പെൺകുട്ടികളോടുള്ള ഉപദേശങ്ങൾ, 700 മഹാപാപങ്ങൾ, സ്വഹീഹ് മുസ്ലിമിൽനിന്നുള്ള തിരഞ്ഞെടുത്ത ഹദീസ് പരിഭാഷ, സജ്ജന പൂവനം (ഹദീസ് പരിഭാഷ) എന്നിവ രചനകളിൽപെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
