ജിദ്ദയിൽ കോവിഡ് ബാധിച്ച് നാല് മലയാളികൾ മരിച്ചു

15:42 PM
25/05/2020
പറശ്ശീരി ഉമ്മർ, എ.കെ.അബ്ദുസലാം, മുഹമ്മദ് ഇല്ല്യാസ്

ജിദ്ദ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന നാല് മലയാളികൾ ജിദ്ദയിൽ മരിച്ചു. ഇതാദ്യമായാണ് ഒരു ദിവസം കോവിഡ് ബാധിച്ച് ഇത്രയധികം മലയാളികള്‍ സൗദിയില്‍ മരിക്കുന്നത്. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53), മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചുകണ്ടൻ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ (42) എന്നിവരാണ് മരിച്ച നാല് പേര്‍. ​ഇതോടെ കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 23 ആയി.

 

മലപ്പുറം രാമപുരം ബ്ലോക്കുംപടി സ്വദേശി അഞ്ചുകണ്ടി തലക്കൽ മുഹമ്മദ് മകൻ എ.കെ.അബ്ദുസലാം ജിദ്ദയില്‍ അബ്ഹൂറിലെ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ വെച്ചാണ് മരിച്ചത്. ജിദ്ദയിലെ ഹലഗ മാര്‍ക്കറ്റിന് സമീപം ഒരു ഫ്രൂട്ട്‌സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. റമദാൻ ആദ്യ വാരത്തിലാണ് ഇദ്ദേഹത്തെ കോവിഡ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മറും അബ്ഹൂറിലുളള കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിൽ വെച്ചാണ് മരിച്ചത്. സാംസങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഒരു മാസത്തോളമായി കോവിഡിനുള്ള ചികിത്സയിലായിരുന്നു ഇദ്ദേഹം.

മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസ് സ്വകാര്യ ആശുപത്രിയിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം.

നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി നേതാക്കളുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.

 

Loading...
COMMENTS