പുതിയ ജിദ്ദ വിമാനത്താവളം 2018 ആദ്യത്തോടെ പ്രവർത്തന സജ്ജമാവും
text_fieldsജിദ്ദ: പുതിയ ജിദ്ദ വിമാനത്താവള പദ്ധതിയുടെ നിർമാണ ജോലികൾ 2018 ആദ്യത്തോടെ പ്രവർത്തനമാരംഭിക്കാനാകുമെന്ന് അധികൃതർ. വിമാനത്താവള ഓപറേറ്റിങ് കമ്പനിയെ ഉടൻ പ്രഖ്യാപിക്കും. കമ്പനിയുടെ പേര് അടുത്തയാഴ്ച പരസ്യപ്പെടുത്തുമെന്ന് സിവിൽ ഏവിയേഷൻ വിമാനത്താവള അസി. മേധാവി എൻജിനീയർ ത്വാരിഖ് അബ്ദുൽ ജബ്ബാർ പറഞ്ഞു. ലോകത്ത് വിമാനത്താവളം ഓപറേറ്റ് ചെയ്യുന്ന നാല് അന്താരാഷ്ട്ര കമ്പനികളിലൊന്നായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു.
105 കിലോമീറ്റർ ചുറ്റളവിലുള്ള പുതിയ വിമാനത്താവളം ലോകത്തെ ഏറ്റവും പുതിയ സൗകര്യങ്ങളോട് കൂടിയതാണ്. രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ വർഷത്തിൽ 80 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനാകും.
ജിദ്ദയുടെ സാംസ്കാരിക അടയാളങ്ങളിൽ പ്രധാനപ്പെട്ടതായിരിക്കും പുതിയ വിമാനത്താവളം. ലഗേജുകൾ പരിശോധിക്കുന്നതിനും അവയുടെ നീക്കത്തിനും മേത്തരം സംവിധാനങ്ങളാണുള്ളത്. ലഗേജ് ബെൽറ്റുകളുടെ നീളം മൊത്തം 33 കിലോ മീറ്റർ വരും. 32 ലഗേജ് പരിശോധന എക്സ്റേ മെഷീനുകളും പദ്ധതിക്ക് കീഴിലുണ്ട്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ജിദ്ദയിലേത്. നിലവിലെ വിമാനത്താവളത്തിലെ തിരക്ക് കുറക്കാനും യാത്രക്കാർക്ക് കൂടുതൽ സൗകര്യമേർപ്പെടുത്താനും ഏകദേശം മൂന്ന് വർഷം മുമ്പാണ് പുതിയ വിമാനത്താവള പദ്ധതി ആരംഭിച്ചത്.
സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്ന തിരക്കിലാണ് നിർമാണ കമ്പനികൾ. യാത്രാ ഹാൾ, കൗണ്ടറുകൾ, താഴെ നിലകളുടെയും മേൽ തട്ടുകളുടെയും ജോലികൾ എന്നിവ പൂർത്തിയാവുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച പ്ളാൻ എന്ന ബഹുമതി ഇതിന് ലഭിച്ചിരുന്നു. പദ്ധതി യാഥാർഥ്യമാകുന്നതോടെ കൂടുതൽ വിമാനങ്ങളെ സ്വീകരിക്കാനും യാത്രാ നടപടികൾ എളുപ്പമാക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
