ജിദ്ദ എയർപോർട്ട്: അനധികൃത ടാക്സികൾക്ക് 5000 റിയാൽ പിഴ
text_fieldsജിദ്ദ: ജിദ്ദ എയർപോർട്ടിൽനിന്ന് യാത്രക്കാരെ കയറ്റുന്ന അനധികൃത ടാക്സികൾക്ക് 5000 റിയാൽ പിഴ ചുമത്തുമെന്ന് എയർപോർട്ട് അഡ്മിനിസ്ട്രേഷന്റെ മുന്നറിയിപ്പ്. ജിദ്ദ കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ എയർപോർട്ട് ടെർമിനലുകളിൽനിന്ന് യാത്രക്കാരെ കൊണ്ടുപോകുന്ന അനധികൃത ടാക്സികൾക്കാണ് പിഴ ചുമത്തുക.
കഴിഞ്ഞ ദിവസങ്ങളിലായി മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് 5000 റിയാൽ പിഴ കിട്ടിയിട്ടുണ്ട്. ജിദ്ദ എയർപോർട്ട് ഒന്നാം നമ്പർ ടെർമിനലിൽനിന്ന് മക്ക ഹറമിലേക്കും തിരിച്ചും സൗജന്യ ബസ് ഷട്ടിൽ സർവിസുകൾ ആരംഭിച്ചിട്ടുണ്ട്.
ഇഹ്റാം വേഷത്തിലുള്ളവർക്ക് മാത്രമാണ് സൗജന്യ ബസ് സർവിസിൽ പ്രവേശനം. ഇതിന് സ്വദേശികൾ ഹവിയ്യയും (തിരിച്ചറിയൽ കാർഡ്) വിദേശികൾ പാസ്പോർട്ടും കാണിക്കണം.
ഒന്നാം നമ്പർ ടെർമിനലിൽ ഫിഷ് അക്വേറിയത്തിന് സമീപമാണ് സൗജന്യ ബസ് ഷട്ടിൽ സർവിസ് സേവനം ലഭിക്കുകയെന്നും ജിദ്ദ എയർപോർട്ട് അഡ്മിനിസ്ട്രേഷൻ പറഞ്ഞു.