ജിദ്ദ നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുക ലക്ഷ്യം: പ്രശസ്തമായ 'ഒട്ടക റൗണ്ട് എബൗട്ട്' നീക്കം ചെയ്യുന്നു
text_fieldsജിദ്ദയിലെ പ്രശസ്തമായ 'ഒട്ടക റൗണ്ട് എബൗട്ട്' നീക്കം ചെയ്യുന്നു.
ജിദ്ദ: നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായി അബ്ഹൂർ മേഖലയിലെ പ്രശസ്തമായ 'ഒട്ടക റൗണ്ട് എബൗട്ട്' നീക്കം ചെയ്യുന്ന പ്രവൃത്തികൾ ജിദ്ദ മുനിസിപ്പാലിറ്റി ആരംഭിച്ചു. 2026-ഓടെ നഗരത്തിലുടനീളം നടപ്പിലാക്കുന്ന നൂതന എഞ്ചിനീയറിംഗ് പരിഹാരങ്ങളുടെ ഭാഗമായാണ് ഈ നടപടി. പഴയ റൗണ്ട് എബൗട്ടിന് പകരം അത്യാധുനിക ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കും.
വാഹനങ്ങൾക്ക് വലതുവശത്തേക്ക് സുഗമമായി തിരിയാൻ സാധിക്കുന്ന രീതിയിൽ ഗതാഗത പാതകൾ പുനക്രമീകരിക്കും. സൗദി കലാകാരനായ റാബി അൽ അഖ്‌റസ് രൂപകൽപ്പന ചെയ്ത ഒട്ടകങ്ങളുടെ ശില്പങ്ങൾ സുരക്ഷിതമായി മറ്റൊരു അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും. തെക്കൻ അബ്ഹൂർ മേഖലയിലെ കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുകയാണ് മുനിസിപ്പാലിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജിദ്ദയുടെ വടക്കൻ കവാടങ്ങളിലെ റോഡുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനും ഈ മാറ്റം സഹായിക്കും. ജിദ്ദയിലെ റോഡ് ശൃംഖലയെ കൂടുതൽ ആധുനികമാക്കുന്നതിനും ജനങ്ങളുടെ യാത്രാക്ലേശം കുറയ്ക്കുന്നതിനും ഈ പദ്ധതി വലിയൊരു നാഴികക്കല്ലാകുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

