സിജി ജിദ്ദ വിമൻ കലക്ടിവ് പുസ്തകം പ്രകാശനം ചെയ്തു
text_fieldsസിജി ജിദ്ദ വിമൻ കലക്ടിവ് ചടങ്ങിൽ മുസാഫിർ ഏലംകുളം, അനീസ ബൈജു എന്നിവർ കഥാസമാഹാരങ്ങളുടെ പ്രകാശനം നിർവഹിക്കുന്നു
ജിദ്ദ: സിജി ജിദ്ദ വിമൻ കലക്ടിവ് (ജെ.സി.ഡബ്ല്യു.സി) ഒരുക്കിയ പുസ്തകപ്രകാശന സായാഹ്നം സർഗാത്മകതയുടെയും സൗഹൃദത്തിന്റെയും സമന്വയ സദസ്സായി മാറി. ജിദ്ദ നാഷനൽ ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രവാസി എഴുത്തുകാരി റജിയ വീരാൻ രചിച്ച രണ്ട് കഥാസമാഹാരങ്ങളുടെ പ്രകാശനമാണ് നടന്നത്. പേരക്ക ബുക്സ് പ്രസാധനം നിർവഹിച്ച 'അങ്ങനെയും ഒരു പെൺകുട്ടിക്കാലം', 'വളർത്തു പല്ലി' എന്നീ പുസ്തകങ്ങൾ യഥാക്രമം മാധ്യമപ്രവർത്തകൻ മുസാഫർ ഏലംകുളം, ജെ.സി.ഡബ്ല്യു.സി ചെയർപേഴ്സൻ അനീസ ബൈജു എന്നിവർ പ്രകാശനം ചെയ്തു.
ലാറ്റിനോ ഷ്രിംപ്സ് റസ്റ്റാറന്റ് ഷെഫ് ഈമാൻ മുഹമ്മദും ജെ.എൻ.എച്ച് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഷ്താക് മുഹമ്മദലിയും പുസ്തകങ്ങൾ ഏറ്റുവാങ്ങി. ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി മുഹമ്മദലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അനീസ ബൈജു അധ്യക്ഷത വഹിച്ചു. സമീക്ഷ പ്രസിഡന്റ് ഹംസ മദാരി (വളർത്തുപല്ലി), ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപികയും എഴുത്തുകാരിയുമായ റെജി അൻവർ (അങ്ങനെയും ഒരു പെൺകുട്ടിക്കാലം) എന്നിവർ പുസ്തകം പരിചയപ്പെടുത്തി.
അക്ഷരങ്ങളുടെ വഴിയിൽ വളരെക്കാലം മുതൽ ഉണ്ടായിരുന്ന റജിയ വീരാൻ, കോവിഡ് കാലം ജീവിതഗന്ധിയായ ഒരുപിടി അനുഭവങ്ങൾ കഥ പറച്ചിലിന്റെ വേറിട്ടൊരു ശൈലിയിലൂടെ തന്നോട് ചേർന്നുകിടക്കുന്നവർക്കുവേണ്ടി എഴുതി സർഗാത്മകമാക്കി. സാഹിത്യത്തിന്റെ അതിഭാവുകത്വമില്ലാത്ത നേരും നോവുമടങ്ങിയ സാധാരണക്കാരന്റെ ആത്മാവും നർമം തുളുമ്പുന്ന ആഖ്യാനരീതിയുമാണ് റജിയയുടെ എഴുത്തുകളുടെ പ്രത്യേകതയെന്ന് പുസ്തകം വിലയിരുത്തി സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
എം.ബി.സി ചാനൽ സീസൺ ഫൈവ് വിജയി ഷെഫ് റിദ, പി.എം. മായിൻകുട്ടി, മുഹമ്മദ് കുഞ്ഞി, വീരാൻ കുട്ടി, നജീബ് വെഞ്ഞാറമൂട്, കെ.ടി അബൂബക്കർ, അബ്ദുല്ല മുക്കണ്ണി, സലീന മുസാഫിർ തുടങ്ങി വിവിധ സാംസ്കാരിക കൂട്ടായ്മകളുടെ പ്രതിനിധികളും സുഹൃത്തുക്കളും ആശംസകൾ നേർന്നു. റജിയ വീരാൻ തന്റെ എഴുത്തനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു. ഇർഫാന സജീർ, മുനാ കാസിം എന്നിവർ പരിപാടി നിയന്ത്രിച്ചു. റൂബി സമീർ സ്വാഗതം പറഞ്ഞു. സാബിറ പള്ളിപ്പാത്ത് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

