ചെങ്കടൽ ടൂറിസ്റ്റ് കേന്ദ്രമായ ‘അമാല’യിൽ ‘ജയാസം വെൽനസ് റിസോർട്ട്’ പ്രവർത്തനമാരംഭിച്ചു
text_fieldsറിയാദ്: ചെങ്കടൽ തീരത്തെ പ്രമുഖ വിനോദസഞ്ചാര വികസന പദ്ധതിയായ ‘അമാല’യിൽ ‘ജയാസം വെൽനസ് റിസോർട്ട്’ പ്രവർത്തനമാരംഭിച്ചതായി റെഡ് സീ ഗ്ലോബൽ അറിയിച്ചു. ജയാസം ബ്രാൻഡിന്റെ ആഗോളതലത്തിലെ ആദ്യ റിസോർട്ടും അമാല പദ്ധതിയിൽ തുറക്കുന്ന ഏഴാമത് റിസോർട്ടുമാണിത്.
ട്രിപ്പിൾ ബേയിലെ ഏറ്റവും വലിയ ഉൾക്കടലിലാണ് ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ അത്യാധുനിക അതിഥിസേവനവും ആരോഗ്യ സംരക്ഷണ പരിചരണങ്ങളും സമന്വയിപ്പിക്കുന്ന ഇവിടെ 153 ഹോട്ടൽ യൂനിറ്റുകളും 24 ആഡംബര ബീച്ച് വില്ലകളും എട്ട് റെസ്റ്റോറൻറുകളും കഫേകളും സജ്ജീകരിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് നിർമാണ കമ്പനിയായ ‘ഹേയ് ആൻഡ് കോ’ രൂപകൽപ്പന ചെയ്ത റിസോർട്ടിന്റെ ഉൾഭാഗം ഡിസൈൻ ചെയ്തത് ‘സ്റ്റുഡിയോ കാർട്ടർ’ ആണ്. അറബ്-പൗരസ്ത്യ പരമ്പരാഗത ചികിത്സാരീതികളും ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ആധുനിക പരിചരണങ്ങളും കോർത്തിണക്കിയാണ് ജയാസം വെൽനസ് അനുഭവങ്ങൾ ഒരുക്കിയിരിക്കുന്നത്.
സമഗ്ര ആരോഗ്യം, ശാരീരികക്ഷമത, ഫിസിയോതെറാപ്പി, പോഷകാഹാരം, സ്പാ, സൗന്ദര്യവർദ്ധക ചികിത്സകൾ എന്നിവ ഉൾപ്പെടെ ഓരോ അതിഥിയുടെയും ആവശ്യങ്ങൾക്കനുസരിച്ച് തയ്യാറാക്കിയ പ്രത്യേക വെൽനസ് പ്രോഗ്രാമുകൾ ഇവിടെ ലഭ്യമാണ്. വനിതകളുടെ ആരോഗ്യം, ദമ്പതികൾക്കും കുടുംബങ്ങൾക്കുമുള്ള വെൽനസ് ട്രീറ്റ്മെന്റുകൾ, ആരോഗ്യവും ഭാരവും ജീവിതശൈലിയും പുനഃക്രമീകരിക്കുന്നതിനുള്ള പ്രോഗ്രാമുകൾ, വിദഗ്ധരുമായുള്ള കൂടിയാലോചനകൾ, ദിനചര്യകൾ എന്നിവയും ഇതിന്റെ ഭാഗമാണ്.
പുതിയതും സീസണലുമായ ചേരുവകൾ ഉപയോഗിച്ച് പ്രാദേശിക-അന്തർദേശീയ വിഭവങ്ങൾ വിളമ്പുന്ന എട്ട് റെസ്റ്റോറൻറുകളും കഫേകളും, ഇൻട്രാക്ടീവ് പാചക അനുഭവങ്ങളും റിസോർട്ടിലെ ഭക്ഷണക്രമത്തിന്റെ പ്രധാന ഘടകമാണ്. സമഗ്ര ചികിത്സകൾ, ഫിസിയോതെറാപ്പി, ഫിറ്റ്നസ്, പൈലേറ്റ്സ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മുതിർന്നവർക്കായുള്ള പ്രത്യേക മേഖല, എല്ലാ പ്രായക്കാർക്കും അനുയോജ്യമായ സൗകര്യങ്ങളുള്ള ഫാമിലി സോൺ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് റിസോർട്ട് ക്രമീകരിച്ചിരിക്കുന്നത്.
സമീപത്തുള്ള ‘ജയാസം റെസിഡൻസസി’ൽ സ്വകാര്യ പൂളുകളും സമുദ്രദൃശ്യവുമുള്ള രണ്ട് മുതൽ നാല് വരെ ബെഡ്‌റൂമുകളുള്ള പരിമിതമായ ബീച്ച് വില്ലകളുണ്ട്. സൗജന്യ വെൽനസ് പ്രോഗ്രാമുകൾ, ചികിത്സകളിലും ഭക്ഷണ സേവനങ്ങളിലും മുൻഗണന എന്നിവ ഇവിടുത്തെ താമസക്കാർക്ക് ലഭിക്കും.
ചെങ്കടലിനും തബൂക്ക് മലനിരകൾക്കും ഇടയിലുള്ള റിസോർട്ടിന്റെ സ്ഥാനം ട്രെക്കിങ്, റണ്ണിങ്, സൈക്ലിങ്, കയാക്കിങ്, സ്റ്റാൻഡ്-അപ്പ് പാഡിൽ ബോർഡിങ്, സ്നോർക്കലിങ്, ഡൈവിങ് തുടങ്ങി വിവിധ കര-ജല വിനോദങ്ങൾക്ക് അവസരമൊരുക്കുന്നു. അമാലയിലെ മറ്റ് സൗകര്യങ്ങൾ പോലെ പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ റിസോർട്ട്, 2040-ഓടെ 30 ശതമാനം പരിസ്ഥിതി സൗഹൃദ ആഘാതം കൈവരിക്കുക എന്ന ലക്ഷ്യത്തെ പിന്തുണയ്ക്കുന്നു.
അമാല വികസന പദ്ധതികളുടെ ഭാഗമായാണ് ജയാസം റിസോർട്ട് തുറന്നിരിക്കുന്നത്. വരും മാസങ്ങളിൽ കൂടുതൽ റിസോർട്ടുകൾ, പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡ് റെസിഡൻസുകൾ, സംയോജിത വെൽനസ് കേന്ദ്രങ്ങൾ, യാച്ച് മറീന, ഷോപ്പിങ് കേന്ദ്രങ്ങൾ, ‘കൊറാലിയം’ മറൈൻ ലൈഫ് സെൻറർ, ആഡംബര റെസ്റ്റോറൻറുകൾ എന്നിവയും അമാലയിൽ പ്രവർത്തനക്ഷമമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

