നിയമലംഘകരുമായി ബന്ധപ്പെട്ട 12,370 കേസുകളിൽ ജവാസത് ശിക്ഷ നടപടി സ്വീകരിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിൽ താമസം, ജോലി, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവർക്കെതിരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്) ശക്തമായ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ മെയ് 18 മുതൽ ജൂൺ 15 വരെയുള്ള കാലയളവിൽ മാത്രം നിയമലംഘകർക്കെതിരെ 12,370 ഭരണപരമായ തീരുമാനങ്ങളാണ് ജവാസത് പുറപ്പെടുവിച്ചത്. നിയമലംഘനത്തിന്റെ സ്വഭാവം അനുസരിച്ച് തടവ്, പിഴ, നാടുകടത്തൽ (ഡിപ്പോർട്ടേഷൻ) എന്നിവയുൾപ്പെടെയുള്ള ശിക്ഷാ നടപടികളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.
നിയമലംഘകർക്ക് ഒരുവിധത്തിലുള്ള സഹായങ്ങളും നൽകരുതെന്ന് പൗരന്മാർക്കും താമസക്കാർക്കും (മുഖീം) സ്വകാര്യ സ്ഥാപനങ്ങൾക്കും ജവാസത് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവരെ കൊണ്ടുപോകാനോ, അവർക്ക് ജോലി നൽകാനോ, അഭയം നൽകാനോ, സംരക്ഷണം ഒരുക്കാനോ പാടുള്ളതല്ല. കൂടാതെ, ഇത്തരക്കാർക്ക് രാജ്യത്തിനുള്ളിൽ താമസിക്കുന്നതിനോ യാത്ര ചെയ്യുന്നതിനോ ജോലി ചെയ്യുന്നതിനോ സഹായിക്കുന്ന തരത്തിലുള്ള ഒരു പിന്തുണയും നൽകരുതെന്നും അധികൃതർ ഊന്നിപ്പറഞ്ഞു.
നിയമലംഘകരെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹകരണവും ജവാസത് അഭ്യർത്ഥിച്ചിട്ടുണ്ട്. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നീ പ്രദേശങ്ങളിലുള്ളവർക്ക് 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് പ്രദേശങ്ങളിലുള്ളവർക്ക് 999 എന്ന നമ്പറിലും വിളിച്ച് വിവരങ്ങൾ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും വിവരം അറിയിക്കുന്ന വ്യക്തിക്ക് ഇതിന്റെ പേരിൽ യാതൊരുവിധ ഉത്തരവാദിത്തമോ നിയമനടപടികളോ ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

