ജക്രാന്ത പൂത്ത അബഹ പാതയോരങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
text_fieldsറിയാദ്: മഞ്ഞും മഴയും മലവെള്ള പെയ്തും മാറി മാറി പാറിവീണ് മായാജാലം തീർക്കുന്ന അബഹയിലെ തെരുവുകൾക്കിപ്പോൾ ജക്രാന്തയുടെ തണലും ചാരുതയുമുണ്ട്. പൂത്തു വിളഞ്ഞു നിൽക്കുന്ന ജക്രാന്തയെ കാണാനും, ചാറ്റൽ മഴയിൽ നിലവും മരവും തിളങ്ങുന്ന പ്രകൃതിവർണാഭമാക്കിയ ലാൻഡ്സ്കേപ്പ് കാമറയിൽ ഒപ്പാനും രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ആസ്വാദകരേറെയാണ്. മരുക്കാറ്റ് തട്ടാതെ മലകൾ കവചം തീർക്കുന്നതാണ് ജക്രാന്തയുടെ സൗന്ദര്യരഹസ്യം.
തെക്കേ അമേരിക്കയിൽനിന്നും മുളച്ചുയർന്ന 'ജക്രാന്ത മിമോസിഫോളിയ'ക്ക് നീലവാകയെന്ന വിളിപ്പേരുകൂടിയുണ്ട്. അബഹയിൽ നീലവാകയുടെ പർപ്പിൾ വസന്തംമെത്തിയാൽ പിന്നെ സഞ്ചാരികളുടെ ഒഴുക്കാണ് അങ്ങോട്ട്. ഇക്കാലത്ത് റിയാദ്, ദമ്മാം, ജിദ്ദ തുടങ്ങി സൗദിയിലെ പ്രധാന നാഗരങ്ങളിൽനിന്നും ചെറുപട്ടണങ്ങളിൽനിന്നും ഉൾഗ്രാമങ്ങളിൽനിന്നും അവധിക്കാലം ആഘോഷിക്കാൻ ആദ്യത്തെ തിരഞ്ഞെടുപ്പ് അബഹയാണ്. ജൂൺ മൂന്നാം വാരമെത്തുന്ന ബലിപെരുന്നാൾ അവധിക്ക് മലയാളികളുൾപ്പടെ നിരവധി പേരാണ് അബഹയിലേക്കു യാത്ര തീരുമാനിച്ചിരിക്കുന്നത്. ആയിരത്തിലേറെ കിലോമീറ്റർ താണ്ടി അബഹയിലെത്താൻ റിയാദിൽനിന്ന് റോഡ് മാർഗവും, വിമാനത്തിലും യാത്ര തിരിക്കുന്നവരുണ്ട്.
യാത്ര ആസ്വാദകരുടെ സംഘടനകൾ അബഹയിലേക്ക് ഗ്രൂപ് യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. നേരത്തെ ടിക്കെറ്റെടുക്കുന്നവർക്ക് ആഭ്യന്തര വിമാനക്കമ്പനികളുടെ ഓഫറിൽ 250 റിയാലിന് വരെ പോയി വരാനുള്ള ടിക്കറ്റുകളും ലഭ്യമാണ്. അടുത്തമാസത്തോടെ റിയാദ് ഉൾപ്പടെയുള്ള സൗദിയുടെ വിവിധ പ്രവശ്യകൾ ചൂട് കനത്ത് പൊള്ളിത്തുടങ്ങും. ഈ സമയത്തെ ഒരു ആശ്വാസ കേന്ദ്രം കൂടിയാണ് അബഹയിലേക്കുള്ള യാത്ര. ഡിസംബറിലെ തണുപ്പിൽ ഇലകൾ പൊഴിക്കുന്ന ജക്രാന്ത മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പൂക്കും. പിന്നെ ജൂൺ മാസം വരെ നീലവാകയുടെ യൗവനകാലമാണ്. വേനലിന്റെ വരവറിയിച്ച് പൂക്കുന്ന ജക്രാന്തയുടെ കാമുകന്മാരാണ് അബഹയിലെ തേനീച്ചകൾ.
അബഹ ഉൾപ്പെടുന്ന അസീർ മേഖലയിൽ 15,000ത്തിലധികം നീലവാക മരങ്ങളുണ്ട്. അവയിൽ ചിലത് 18 മീറ്റർ വരെ ഉയരത്തിൽ വളരും. 20 മീറ്റർ ഉയരം വരെയാണ് നീലവാകയുടെ പരമാവധി വളർച്ച. ഏകദേശം 45 ഇനം മരങ്ങളും കുറ്റിച്ചെടികളും ഉൾപ്പെടുന്ന ജക്രാന്ത കുടുംബത്തിലെ ഏറ്റവും സുന്ദരിയാണ് നീലവാക. അബഹ നഗരത്തിലെ പൂന്തോട്ടങ്ങളെയും തെരുവുകളെയും വർണാഭമാക്കിയും സുഗന്ധം പരത്തിയും ആകർഷകമാക്കുന്നത് ജക്രാന്തയാണ്. പ്രദേശവാസികൾ വൈകുന്നേരങ്ങളിൽ കൂടിയിരിക്കാനും സൊറ പറഞ് ഖഹ് വ നുകരാനും ആശ്രയിക്കുന്നതും ഈ വയലറ്റ് മരച്ചുവടുകളാണ്. അബഹയിലെ തെരുവുകൾ മനോഹരമാക്കാനും ഓക്സിജൻ ഉറവിടം അധികരിപ്പിക്കാനും പ്രാദേശിക വിനോദസഞ്ചാര കേന്ദ്രത്തിന്റെ പദ്ധതി കൂടിയാണ് ജക്രാന്തയുടെ സംരക്ഷണവും പരിപാലനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.