മാധ്യമപ്രവർത്തനം രാഷ്ട്രീയ പ്രവർത്തനമാകുന്നത് അപകടകരം -എസ്.എ. അജിംസ്
text_fieldsമാധ്യമപ്രവർത്തകൻ എസ്.എ അജിംസിനെ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രവർത്തകർ സ്വീകരിക്കുന്നു
ജിദ്ദ: മാധ്യമപ്രവർത്തനം കേവലം രാഷ്ട്രീയ പ്രവർത്തനമായി മാറുന്നത് ജനാധിപത്യത്തിനും മാധ്യമ വിശ്വാസ്യതക്കും അപകടകരമാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകനും ‘മീഡിയവൺ’ സീനിയർ ന്യൂസ് എഡിറ്ററുമായ എസ്.എ. അജിംസ്. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവർത്തനം മുൻപത്തേക്കാൾ വെല്ലുവിളികൾ നിറഞ്ഞതായി മാറിയിരിക്കുന്നു. വസ്തുതകളേക്കാൾ രാഷ്ട്രീയ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്നത് തൊഴിലിെൻറ അന്തസ്സിനെ ബാധിക്കും. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലാണ് മാധ്യമപ്രവർത്തകർക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. മാധ്യമങ്ങളുടെ റേറ്റിങ് നിശ്ചയിക്കുന്നതിൽ ഡിജിറ്റൽ സാന്നിധ്യം കൂടി പരിഗണിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിമിതികൾക്കിടയിലും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പ്രവാസി മാധ്യമപ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. സൗദി അറേബ്യയിലെ പുതിയ സാമൂഹിക മാറ്റങ്ങളും വികസനങ്ങളും മാധ്യമപ്രവർത്തനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദയിൽ മീഡിയവൺ സംഘടിപ്പിച്ച ‘ഫ്യൂച്ചർ സമ്മിറ്റ്’ ബിസിനസ് സംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. മീഡിയ ഫോറം പ്രസിഡൻറ് ജലീൽ കണ്ണമംഗലം (24 ന്യൂസ്) അധ്യക്ഷത വഹിച്ചു. മാധ്യമരംഗത്തെ പുതിയ വെല്ലുവിളികളെക്കുറിച്ച് ചടങ്ങിൽ ഗൗരവകരമായ ചർച്ചകൾ നടന്നു.
സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), വഹീദ് സമാൻ (മലയാളം ന്യൂസ്), സാബിത് സലീം (മീഡിയവൺ), എ.എം. സജിത്ത് (പ്രവാസി പത്രം), കബീർ കൊണ്ടോട്ടി (തേജസ്), ഇബ്രാഹിം ഷംനാട് (ഗൾഫ് മാധ്യമം), സാലിഹ് (മലയാളം ന്യൂസ്), ഗഫൂർ മമ്പുറം (ദേശാഭിമാനി), അതിഥിയായ അഷ്റഫ് തൂണേരി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ കൊണ്ടോട്ടി (മീഡിയവൺ) സ്വാഗതവും ട്രഷറർ സുൽഫിക്കർ ഒതായി (അമൃത ന്യൂസ്) നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

