ഗസ്സ പിടിച്ചെടുക്കാനുള്ള ഇസ്രായേൽ തീരുമാനം; അറബ്, ഇസ്ലാമിക് മന്ത്രിതല സമിതി അപലപിച്ചു
text_fields2024 ൽ സൗദിയിൽ നടന്ന അറബ്, ഇസ്ലാമിക് സമ്മിറ്റിൽ പങ്കെടുത്തവർ (ഫയൽ ഫോട്ടോ)
റിയാദ്: ഗസ്സ മുനമ്പിൽ പൂർണ സൈനിക നിയന്ത്രണം ഏർപ്പെടുത്താനുള്ള ഇസ്രായേലിന്റെ ഉദ്ദേശ്യത്തെ ശക്തമായി അപലപിക്കുകയും പൂർണമായും നിരസിക്കുകയും ചെയ്യുന്നതായി അറബ്, ഇസ്ലാമിക് ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതി വ്യക്തമാക്കി. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ അപകടകരമായ നീക്ക ലംഘനമാണെന്നും നിയമവിരുദ്ധമായ അധിനിവേശം ഏകീകരിക്കാനും അന്താരാഷ്ട്ര പ്രമേയങ്ങൾക്ക് വിരുദ്ധമായി ബലപ്രയോഗത്തിലൂടെ തീരുമാനം നടപ്പിലാക്കാനുമുള്ള ശ്രമമാണെന്നും കണക്കാക്കുന്നു. കൊലപാതകം, പട്ടിണി, നിർബന്ധിത കുടിയിറക്കൽ ശ്രമങ്ങൾ, ഫലസ്തീൻ ഭൂമി പിടിച്ചെടുക്കൽ തുടങ്ങിയ ഗുരുതരമായ ലംഘനങ്ങളുടെ തുടർച്ചയായാണ് ഇസ്രായേലിന്റെ സമീപനമെന്നും കമ്മിറ്റി പറഞ്ഞു.
22 മാസമായി ഗസ്സക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സമഗ്രമായ ഉപരോധത്തിന്റെയും ആക്രമണത്തിന്റെയും വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും നടന്ന ഗുരുതരമായ ലംഘനങ്ങളുടെയും പശ്ചാത്തലത്തിൽ ഈ ലംഘനങ്ങൾ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് തുല്യമാണ്. ഇത് സമാധാനം കൈവരിക്കാനുള്ള ഏതൊരു അവസരവും പാഴാക്കുമെന്നും സംഘർഷം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും കമ്മിറ്റി വിലയിരുത്തി.
ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം ഉടന്‍ നിര്‍ത്തലാക്കുക, സാധാരണക്കാര്‍ക്കും അടിസ്ഥാന സ്ഥാപനങ്ങൾക്കുമെതിരായ ലംഘനങ്ങള്‍ അവസാനിപ്പിക്കുക, മാനുഷിക സഹായം അടിയന്തരമായും നിരുപാധികമായും വിതരണം ചെയ്യുക, അന്താരാഷ്ട്ര ദുരിതാശ്വാസ സംഘടനകള്‍ അന്താരാഷ്ട്ര മാനുഷിക നിയമത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, തടവുകാരുടെ കൈമാറ്റത്തിനും സംഘർഷം ലഘൂകരിക്കുന്നതിനുമുള്ള കരാറിലെത്താനുള്ള ഈജിപ്ഷ്യന്‍, ഖത്തര്‍, അമേരിക്കന്‍ ശ്രമങ്ങളെ പിന്തുണക്കുക, ഗസ്സയുടെ പുനര്‍നിർമാണത്തിനായുള്ള അറബ്, ഇസ്ലാമിക് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കമ്മിറ്റി ഊന്നിപ്പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാനാകൂ എന്ന് കമ്മിറ്റി ആവർത്തിച്ചു. കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി 1967 ജൂൺ നാലിലെ അതിർത്തികളിൽ ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും ഗസ്സയിലെ വംശഹത്യയുടെയും മാനുഷിക ദുരന്തങ്ങളുടെയും കുറ്റകൃത്യങ്ങൾക്ക് ഇസ്രായേൽ അധിനിവേശത്തെ പൂർണമായി ഉത്തരവാദിയാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

