ഗസ്സയിലെ ഇസ്രായേൽ ആക്രമണം; തടയാൻ ശ്രമങ്ങൾ തുടരുമെന്ന് ഫലസ്തീൻ പ്രസിഡന്റിനോട് സൗദി കിരീടാവകാശി
text_fieldsഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ
അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചപ്പോൾ
റിയാദ്: ഫലസ്തീനിൽ ഇസ്രായേൽ ആക്രമണം തടയാനുള്ള ശ്രമങ്ങൾ തുടരുമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ.
ഔദ്യോഗിക സന്ദർശനാർഥം സൗദിയിലെത്തിയ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയിലാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്. സ്വീകരണ വേളയിൽ ഗസ്സയിലെയും പരിസരങ്ങളിലെയും വർധിച്ചുവരുന്ന സൈനിക ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ആക്രമണം തടയാൻ എല്ലാ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുമായും ആശയവിനിമയം നടത്താൻ സൗദി അറേബ്യ ശ്രമം തുടരുമെന്ന് കിരീടാവകാശി പറഞ്ഞു.
ഫലസ്തീൻ ജനതക്ക് മാന്യമായ ജീവിതത്തിനുള്ള ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനും അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനും ന്യായവും ശാശ്വതവുമായ സമാധാനം കൈവരിക്കാനും സൗദിയുടെ സ്ഥിരമായ പിന്തുണ കിരീടാവകാശി സ്ഥിരീകരിച്ചു. സ്വീകരണച്ചടങ്ങിൽ പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ജനറൽ ഇന്റലിജൻസ് മേധാവി ഖാലിദ് ബിൻ അലി അൽ ഹുമൈദാൻ, ജോർദാനിലെ സൗദി അംബാസഡറും ഫലസ്തീനിലെ നോൺ റെസിഡന്റ് അംബാസഡറുമായ നാഇഫ് ബിൻ ബന്ദർ അൽസുദൈരി എന്നിവരും ഫലസ്തീൻ ഭാഗത്ത് നിന്ന് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി സെക്രട്ടറി ഹുസൈൻ അൽ ശൈഖ്, ജനറൽ ഇന്റലിജൻസ് സർവിസ് മേധാവി മേജർ ജനറൽ മജീദ് ഫറാജ്, പ്രസിഡന്റിന്റെ നയതന്ത്ര കാര്യങ്ങളുടെ ഉപദേഷ്ടാവ് ഡോ. മജ്ദി അൽ ഖാലിദി, സൗദിയിലെ ഫലസ്തീൻ അംബാസഡർ ബാസിം ആഗാ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

