ഗസ്സയിലെ നിരപരാധികളുടെ ജീവൻ രക്ഷിക്കണം -സൗദി പ്രതിരോധ മന്ത്രി
text_fieldsറിയാദിലെത്തിയ ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയെ സൗദി
പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സുൽത്താൻ സ്വീകരിക്കുന്നു
ജിദ്ദ: നിരപരാധികളുടെ ജീവൻ രക്ഷിക്കാൻ ഗസ്സയിലെ സ്ഥിതിഗതികൾ ശാന്തമാക്കേണ്ടതുണ്ടെന്നും വെടിനിർത്തലുണ്ടാകണമെന്നും സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സുൽത്താൻ. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗ്രാൻറ് ഷാപ്സുമായി ഫോണിൽ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഗസ്സയിലും പരിസരത്തും നിലവിൽ നടക്കുന്ന സൈനിക നടപടികൾ ഇരുവരും ചർച്ച ചെയ്തു.
ഗസ്സയിലെ സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനും സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനുമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത പ്രതിരോധ മന്ത്രി ഊന്നിപ്പറഞ്ഞു. നിരപരാധികളായ ജനങ്ങളുടെ ജീവൻ സംരക്ഷിക്കണം. ഫലസ്തീൻ ജനതക്ക് സുരക്ഷിതത്വവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ ബഹുമാനിക്കേണ്ടതിന്റെയും അനുസരിക്കേണ്ടതിന്റെയും പ്രാധാന്യവും പ്രതിരോധ മന്ത്രി എടുത്തുപറഞ്ഞു.
ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയുമായും ഗസ്സയിലെയും പരിസരങ്ങളിലെയും നിലവിലെ സൈനിക മുന്നേറ്റങ്ങളെക്കുറിച്ചും ഇക്കാര്യത്തിൽ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും സൗദി പ്രതിരോധ മന്ത്രി ചർച്ച ചെയ്തു. റിയാദിലെ മന്ത്രിയുടെ ഓഫിസിൽ നൽകിയ സ്വീകരണത്തിനിടെയാണ് ഇറ്റാലിയൻ പ്രതിരോധ മന്ത്രിയുമായി ചർച്ച നടത്തിയത്.
ഗസ്സയിലെ സ്ഥിതിഗതികൾ ശാന്തമാക്കേണ്ടതിന്റെ ആവശ്യകത സൗദി പ്രതിരോധ മന്ത്രി ഊന്നിപ്പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയങ്ങളും പൊതുതാൽപര്യമുള്ള സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു.
സൗദി, ജപ്പാൻ, ജർമൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
ജിദ്ദ: ഫലസ്തീനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ജപ്പാൻ വിദേശകാര്യ മന്ത്രി യോക്കോ കാമികാവ, ജർമൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് എന്നിവരുമായി ചർച്ച നടത്തി.
ഗസ്സയിലെയും പരിസരങ്ങളിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇക്കാര്യത്തിൽ നടത്തിയ അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ചും ഇരു മന്ത്രിമാരുമായി സൗദി മന്ത്രി ചർച്ച ചെയ്തു. എല്ലാത്തരം സിവിലിയന്മാരെയും ലക്ഷ്യംവെക്കുന്നത് നിർത്തേണ്ടതിന്റെ പ്രാധാന്യവും അന്താരാഷ്ട്ര മാനുഷിക നിയമത്തിൽ അനുശാസിക്കുന്ന കാര്യങ്ങൾ പാലിക്കേണ്ടതിന്റെ പ്രതിബദ്ധതയും വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു.
യു.എൻ സുരക്ഷ കൗൺസിലിൽ സ്ഥിരാംഗമല്ലാത്ത അംഗമെന്ന നിലയിൽ ഫലസ്തീനിലെ സൈനിക നടപടികൾ ഉടനടി നിർത്തലാക്കി അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള ഉത്തരവാദിത്തം കൗൺസിൽ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാനും ഗസ്സ ഉപരോധം നീക്കാനും പ്രവർത്തിക്കണമെന്ന് ജപ്പാനോട് അഭ്യർഥിച്ചു.
അടിയന്തര വെടിനിർത്തലിന് അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇക്കാര്യത്തിൽ ഐക്യരാഷ്ട്രസഭയുടെയും രക്ഷാസമിതിയുടെയും പ്രമേയങ്ങളോടുള്ള പ്രതിബദ്ധതയും ജർമൻ, സൗദി വിദേശകാര്യ മന്ത്രിമാർ സംസാരത്തിനിടെ സൂചിപ്പിച്ചു. ഗസ്സ നിവാസികൾക്ക് മെഡിക്കൽ, ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനുള്ള അടിയന്തര പരിഹാരങ്ങൾ കാണണമെന്നും ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

