സമ്മർദം കടുപ്പിച്ച് സൗദി അറേബ്യ; ആക്രമണം അവസാനിപ്പിക്കണം
text_fieldsജിദ്ദ: ഗസ്സക്കുനേരെ ഇസ്രായേൽ നടത്തുന്ന ആക്രമണവും അവശ്യസാധനങ്ങൾക്ക് ഉൾപ്പെടെ ഏർപ്പെടുത്തിയ ഉപരോധവും പിൻവലിക്കാൻ സമ്മർദം കടുപ്പിച്ച് സൗദി അറേബ്യ. അതിനായി ലോകത്തിന്റെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമം വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിൽ തുടരുന്നു. വിവിധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു. ഇസ്രായേൽ മാനുഷിക നിയമം പാലിക്കുകയും ഗസ്സയിലെ ഉപരോധം പിൻവലിക്കുകയും വേണമെന്ന് അദ്ദേഹം ഫോൺ സംഭാഷണങ്ങൾക്കിടെ ആവർത്തിച്ച് ഉന്നയിച്ചു. അതിനായി എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള സമ്മർദം ഇസ്രായേലിനു മേലുണ്ടാവാൻ അദ്ദേഹം ആവശ്യപ്പെട്ടു.
യു.കെ, അൽബേനിയ, ഇന്തോനേഷ്യ, ഗാബോൺ, ബ്രസീൽ, നോർവേ, ഇന്ത്യ, മാൾട്ട എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായും യൂറോപ്യൻ യൂനിയൻ ഫോർ ഫോറിൻ അഫയേഴ്സ് ആൻഡ് സെക്യൂരിറ്റി ഉന്നത പ്രതിനിധിയുമായാണ് അദ്ദേഹം ഫോണിൽ സംസാരിച്ചത്. ഫലസ്തീനിലെ ഇസ്രായേൽ ആക്രമണവും ഗസ്സയിലെ ഉപരോധവും എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെയും ഇതിനായി രക്ഷസമിതിയിൽ പ്രവർത്തിക്കേണ്ടതിന്റെയും പ്രാധാന്യം സംഭാഷണങ്ങളിലെല്ലാം മന്ത്രി ഊന്നിപ്പറഞ്ഞു.
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി സംസാരിക്കുന്നതിനിടയിൽ ഗസ്സയിലെയും പരിസരങ്ങളിലെയും സാഹചര്യങ്ങളും ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇക്കാര്യത്തിൽ നടത്തിയ അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ചും ചർച്ച നടത്തി. ഏതെങ്കിലും വിധത്തിൽ സിവിലിയന്മാരെ ലക്ഷ്യംവെക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന സൗദി നിലപാട് അദ്ദേഹം ആവർത്തിച്ചു. സൈനിക ഇടപെടൽ ഉടൻ അവസാനിപ്പിക്കേണ്ടതുണ്ട്. ഉപരോധവും പിൻവലിക്കണം.
സിവിലിയന്മാർക്ക് ദുരിതാശ്വാസവും മാനുഷിക സഹായവും എത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അമീർ ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ രക്ഷാസമിതിയിലെ സ്ഥിരാംഗം എന്ന നിലയിൽ പ്രവർത്തിക്കണമെന്നും ബ്രിട്ടനോട് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

