വെസ്റ്റ് ബാങ്കിന്മേൽ ഇസ്രായേലിന് അധികാരമില്ല; അധിനിവേശ നീക്കത്തെ അപലപിച്ച് സൗദി അറേബ്യ
text_fieldsറിയാദ്: വെസ്റ്റ് ബാങ്കിലെ ഭൂമി തങ്ങളുടെ നിയന്ത്രണത്തിലുള്ള ‘രാഷ്ട്ര സ്വത്തായി’ പ്രഖ്യാപിക്കാനുള്ള ഇസ്രായേലി അധിനിവേശ അധികാരികളുടെ തീരുമാനത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കിൽ പുതിയ നിയമപരവും ഭരണപരവുമായ യാഥാർഥ്യം അടിച്ചേൽപിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളെ ദുർബലപ്പെടുത്താനാണ് ഇസ്രായേൽ ഇതിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.
അധിനിവേശ ഫലസ്തീൻ പ്രദേശത്തിന്മേൽ ഇസ്രായേലിന് ഒരുവിധ പരമാധികാരവുമില്ലെന്ന് സൗദി ആവർത്തിച്ച് വ്യക്തമാക്കി. ഇസ്രായേലിന്റെ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്.
ദ്വിരാഷ്ട്ര പരിഹാരമെന്ന ലക്ഷ്യത്തെ തകർക്കുന്നതും, 1967 ജൂൺ നാലിലെ അതിർത്തികൾ പ്രകാരം കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്രവും പരമാധികാരവുമായ രാഷ്ട്രം സ്ഥാപിക്കാനുള്ള സഹോദര ഫലസ്തീൻ ജനതയുടെ അവകാശത്തിന് നേരെയുള്ള കടന്നുകയറ്റവുമാണിത്.
ഇത്തരം നിയമവിരുദ്ധമായ എല്ലാ നടപടികളെയും പൂർണ്ണമായും നിരാകരിക്കുന്നുവെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

