ഇസ്രായേൽ ആക്രമണം: സൗദി അപലപിച്ചു
text_fieldsയാംബു: വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം ഹെലികോപ്ടറിൽനിന്ന് ബോംബിട്ട് ആറ് ഫലസ്തീനികൾ മരിക്കാനിടയായ ആക്രമണത്തെ സൗദി ശക്തമായി അപലപിച്ചു അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന നടപടികളെ അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണത്തിനിരയായ വ്യക്തികളുടെ കുടുംബങ്ങളോടും ഫലസ്തീനിലെ സർക്കാറിനോടും ജനങ്ങളോടും രാജ്യം ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇസ്രായേൽ അധിനിവേശസേന നടത്തുന്ന ഗുരുതര നിയമ ലംഘനങ്ങളോടും മൃഗീയ ആക്രമണങ്ങളോടും ശക്തിയായി പ്രതിഷേധിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് 15കാരനടക്കം അഞ്ച് ഫലസ്തീനികളെ കൊലപ്പെടുത്തുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഇസ്രായേൽ ആക്രമണം നടന്നത്. കുടിയേറ്റം വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ മുന്നോടിയായാണ് ഇസ്രായേൽ ആക്രമണം അഴിച്ചുവിടുന്നതെന്ന് ഫലസ്തീൻ അതോറിറ്റി ആരോപിച്ചു.
കഴിഞ്ഞ മാസം ജറൂസലമിലെ മസ്ജിദുൽ അഖ്സ ആക്രമണത്തെ സൗദി അപലപിക്കുകയും ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യവും ഉറച്ച നിലപാടും ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഒ.ഐ.സിയും ഗൾഫ് സഹകരണ കൗൺസിലും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പിന്തുണ ആവർത്തിച്ച് അറിയിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ ‘മിഡിലീസ്റ്റ് രാജ്യങ്ങളുടെ ജിയോസ്ട്രാറ്റജിക് റോൾ' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പങ്കെടുക്കുകയും രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

