ഐ.എസ്.എം സംസ്ഥാന കാമ്പയിന് സൗദിയിൽ തുടക്കമായി
text_fieldsജിദ്ദ: 'മുഹമ്മദ് നബി മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം' എന്ന ശീർഷകത്തിൽ ഇതിഹാദു ശുബ്ബാനു മുജാഹിദീൻ (ഐ.എസ്.എം) സംഘടിപ്പിക്കുന്ന സംസ്ഥാന കാമ്പയിന്റെ സൗദി ദേശീയ പ്രചാരണോദ്ഘാടന സമ്മേളനം സംഘടിപ്പിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ നടന്ന പരിപാടി തയ്സീർ ജാലിയാത് മുദീർ ശൈഖ് അബു അബ്ദുല്ല സഈദ് അൽ അഹ്മദി നിർവഹിച്ചു.
സർവ്വലോക സൃഷ്ടാവിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് പ്രവാചകന്റെ നിയോഗമെന്നും യാതൊരു പുഴുക്കുത്തുകളുമില്ലാത്ത ആ മഹനീയ ജീവിതം മാനവരാശി നിൽക്കുന്ന കാലത്തോളം അനുകരണീയമായ ഏറ്റവും ഉദാത്തമായ മാതൃകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു
ഐ.എസ്.എം ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി മുഖ്യപ്രഭാഷണം നിർവഹിച്ചു.ശാസ്ത്രസാങ്കേതിക വിദ്യകളും അത്യാധുനിക നിർമ്മിത ബുദ്ധികളും ലോകം അടക്കി ഭരിക്കുമ്പോഴും സമാധാനം അന്വേഷിച്ചുകൊണ്ടിരിക്കുന്ന മാനവരാശിക്ക് മുമ്പിൽ ഒരു വിളക്കുമാട മായി പ്രവാചകൻറെ ജീവിതം ജ്വലിച്ചു നിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകൻ്റെ ജീവിതം കാലങ്ങൾക്കിപ്പുറവും കൃത്യമായി പകർത്തപ്പെടുന്നുയെന്നുള്ളത് തന്നെയാണ് ആ മഹാമനീഷിയുടെ മാനവികതയുടെ മഹത്വമായി ഉദ്‌ഘോഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുൽ ജലീൽ മാമാങ്കര, എം.എസ്.എം ജനറൽ സെക്രട്ടറി ജംഷീദ് ഇരുവേറ്റി, വി. പി.മുഹമ്മദലി (ജെ.എൻ.എച്ച്), മുഹമ്മദ് ആലുങ്ങൽ (അൽ അബീർ ഗ്രൂപ്പ്), വി.പി. മുസ്തഫ (കെ.എം.സി.സി ), ഹക്കീം പാറക്കൽ (ഒ.ഐ.സി.സി),ഷിബു തിരുവനന്തപുരം (നവോദയ),സക്കീർ എടവണ്ണ (എം.എസ്.എസ് ), ശഫീഖ് നദ്‌വി (തനിമ), പ്രൊഫസർ അബ്ദുൽ അസീസ് (റിട്ട: പ്രിൻസിപ്പൽ പി.എസ്.എം.ഒ,തിരൂരങ്ങാടി ), ശൈഖ് യൂസഫ് ബിൻ ഫദ് ൽ എന്നിവർ സംസാരിച്ചു. മുഹമ്മദ് നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ശിഹാബ് സലഫി എടക്കര നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

